ഇരിക്കൂറിൽ കുരങ്ങുശല്യം രൂക്ഷം പൊറുതിമുട്ടി ജനം
text_fieldsഇരിക്കൂർ: മലയോരമേഖലയായ ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും കുരങ്ങുശല്യം രൂക്ഷമായി. വയക്കാംകോട് പൈസായി, നിലാമുറ്റം, ഏട്ടക്കയം, പെരുവളത്തുപറമ്പ്, കുളിഞ്ഞ, കുട്ടാവ് പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷമായത്. കുരങ്ങുകളുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. അലക്കി ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോവുക, കൃഷി നശിപ്പിക്കുക, വെള്ളത്തിന്റെ പൈപ്പ് ടാങ്ക് നശിപ്പിക്കൽ, വൈദ്യുതി വയറുകൾ കടിച്ചുമുറിച്ച് പൊട്ടിക്കൽ, അടുക്കളയിലെ ഭക്ഷണപദാർഥങ്ങൾ കൊണ്ടുപോകൽ തുടങ്ങിയ ശല്യങ്ങളാണ് കുരങ്ങുകൾ മൂലം പ്രദേശവാസികൾ അനുഭവിക്കുന്നത്.
പഞ്ചായത്തധികൃതർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ കെണിക്കൂടുകൾ വെച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. കുരങ്ങുകൾ ഓടിന്റെ മുകളിൽ കയറി തുള്ളി ഓട് പൊട്ടി വീട് ചോർന്നൊലിക്കുകയാണ്. റബർ തോട്ടങ്ങളും കാടുകളുമായ ഈ പ്രദേശത്ത് ധാരാളം കുരങ്ങുകളാണ് അധിവസിക്കുന്നത്. കുരങ്ങുകളുടെ അതിരൂക്ഷമായ നാറ്റം കൊണ്ട് വീട്ടുകാർ പ്രയാസപ്പെടുകയാണ്. രാത്രിയിൽ കുരങ്ങുകൾ വീടുകൾക്ക് മുന്നിൽ തമ്പടിച്ചതുകൊണ്ട് പ്രദേശവാസികളുടെ ഉറക്കംകൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി ഇരിക്കൂർ പഞ്ചായത്തധികൃതർ ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.