ബ്ലാത്തൂരിലെ തലയോട്ടി തിരിച്ചറിഞ്ഞു; മൂവായിരം രൂപക്കും മൊബൈൽ ഫോണിനുമായി കൊന്നത് കൂട്ടുകാരൻ
text_fieldsഇരിക്കൂർ: രണ്ടുവർഷം മുമ്പ് കല്യാടിനടുത്ത് ഊരത്തൂർ പറമ്പിൽ നിന്ന് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിൽ അസം സ്വദേശി സാദിഖലിയെ (20) അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സാദിഖലിയെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, ഇരിക്കൂർ സി.ഐ പി. അബ്ദുൽ മുനീർ, എസ്.ഐ നിതീഷ് എന്നിവർ ഇരിക്കൂർ പൊലീസ്റ്റേഷനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാണാതായ അസം സ്വദേശി സയ്യിദ് അലിയുടെതാണ് തലയോട്ടിയെന്ന് ശാസ്ത്രീയമായ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ജയിലിൽ കഴിയുന്ന സാദിഖലിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. സയ്യിദ് അലിയുടെ മൊബൈൽഫോൺ കവർന്ന കേസിലായിരുന്നു അസം സ്വദേശി സാദിഖലി ജയിലിലായത്. അസം ബേർപ്പെട്ട ജില്ലയിലെ സാദിഖലിയെ ഒരാഴ്ച മുമ്പായിരുന്നു ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം എസ്.പിയുടെ നിർദ്ദേശപ്രകാരം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് നിഗമനത്തിലെത്തിയത്.
ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖലി മറ്റൊരു ജോലി തേടിയാണ് ഊരത്തൂരിൽ എത്തിയത്. ഇവിടെ ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സയ്യിദലിയോടൊപ്പം താമസ സൗകര്യം ഏർപ്പെടുത്തിയത്. സയ്യിദലിയും സാദിഖലിയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. സയ്യിദലി ഒരുപാത്രത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാദിഖലി പണം മോഷ്ടിക്കുന്നത് സയ്യിദലി കാണാനിടയായി. തുടർന്നായിരുന്നു കൊലപാതകം. കൊലക്കുശേഷം മുറിയിൽ നിന്ന് 100 മീറ്റർ അകലെ കുഴിയെടുത്ത് മറവുചെയ്തു. ഞങ്ങൾ നാട്ടിലേക്ക് പോവുകയാണെന്ന് പരിസരത്തുള്ളവരോട് പറഞ്ഞ് സാദിഖലി പോയി. 3000 രൂപയും മൊബൈൽ ഫോണുമായിരുന്നു സാദിഖലി കൊണ്ടുപോയത് -ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു.
2018 ൽ ഊരത്തൂരിലെ ചെങ്കൽ പണയുടെ പരിസരത്തുള്ള കാട്ടിൽ നിന്നായിരുന്നു തലയോട്ടി കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിലാണ് ഇത് മനുഷ്യെൻറ തലയോട്ടിയാണെന്ന് മനസ്സിലായത്. ചെങ്കൽ മേഖലയായ ഇവിടെ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിലാണ് സയ്യിദലിയും സാദിഖലിയും അസമിലേക്ക് പോയ വിവരം ലഭിച്ചത്.
സയ്യിദലിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് വീട്ടിലെത്തിയിട്ടില്ലെന്നും സയ്യിദലിയുടെ മൊബൈൽ ഫോൺ മറ്റൊരാൾ ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാദിഖലിയാണ് മൊബൈൽഫോൺ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.