വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ യുവാവ് അറസ്റ്റിൽ
text_fieldsഇരിക്കൂര്‍: ശ്രീകണ്ഠപുരത്തെ വ്യാപാരിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ പൊളിച്ചുവിറ്റ യുവാവ് അറസ്റ്റില്‍. പെരുവളത്തുപറമ്പിലെ പാറമ്മല്‍ ഇര്‍ഷാദിനെ ആണ് (33) ഇരിക്കൂര്‍ എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരിക്കൂര്‍ പെരുവളത്ത്പറമ്പിലെ മന്‍സൂറ മന്‍സിലില്‍ മുഹമ്മദ് ഹസന്റെ കെ.എല്‍ 59 എ 6916 സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ പത്തിന് രാത്രിയാണ് സ്കൂട്ടര്‍ മോഷണം പോയത്. പിടിയിലായ ഇര്‍ഷാദ് ആക്രി സാധനങ്ങള്‍ ശേഖരിച്ച് കടകളില്‍ വില്‍ക്കുന്നയാളാണ്. വ്യാപാരിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച് പാര്‍ട്സുകളാക്കി മയ്യില്‍ ചെറുവത്തലമൊട്ടയിലെ ആക്രിക്കടയിലാണ് വിറ്റത്. 2000രൂപയാണ് ഇതിന് പ്രതിഫലമായി ലഭിച്ചത്.
മോഷ്ടാവിനെക്കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയില്‍ മുഹമ്മദ് ഹസന്റെ വീട്ടുകാര്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ നിസ്സാരമായ കാര്യമാണ് ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹായകരമായത്. കഴിഞ്ഞ മാങ്ങ സീസണിന്റെ കാലത്ത് ഇര്‍ഷാദിന്റെ പിതാവ് വ്യാപാരിയുടെ വീടിന് സമീപം മാങ്ങ പാട്ടമെടുത്തിരുന്നു.
ഒരുതവണ മാങ്ങ പറിക്കാന്‍ ഇര്‍ഷാദും ഒപ്പം വന്നിരുന്നു. മാങ്ങ പറിക്കുന്നതിനിടയില്‍ വ്യാപാരിയുടെ വീട്ടിലെ സ്കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ട ഇര്‍ഷാദ് ഉയരമുള്ള മതിലിനകത്ത് സൂക്ഷിച്ച സ്കൂട്ടര്‍ നോക്കി സുരക്ഷിതമായാണല്ലോ വാഹനം സൂക്ഷിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇക്കാര്യം അറിഞ്ഞ പൊലീസ് ഇര്‍ഷാദിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആക്രി സാധനങ്ങള്‍ ശേഖരിച്ചുവില്ക്കുന്നതാണ് തൊഴിലെന്ന് മനസ്സിലായത്. ഇതേത്തുടര്‍ന്ന് ഇര്‍ഷാദിനെ നിരീക്ഷിച്ചുവരികയായിരുന്നു.
അങ്ങനെയാണ് ഇയാള്‍ സ്കൂട്ടര്‍ പൊളിച്ച് ആക്രിക്കടയില്‍ വിറ്റ കാര്യം പൊലീസിന് മനസ്സിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ രമേശൻ, സീനിയർ സി.പി.ഒ കെ.വി പ്രഭാകരൻ, സി.പി.ഒ ഷംസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.