അഷീഖുൽ ഇസ്ലാം കൊലപാതകം: ഒന്നാം പ്രതി റിമാൻഡിൽ; രണ്ടാം പ്രതിക്കായി അന്വേഷണം ഊർജിതം
text_fields
ഇരിക്കൂർ: രണ്ടുമാസം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ ഒന്നാം പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അന്തർ സംസ്ഥാന തൊഴിലാളി അഷീഖുൽ ഇസ്ലാം കൊലപാതകക്കേസിലെ ഒന്നാംപ്രതി പരേഷ് നാഥ് മണ്ഡലിനെയാണ് (27) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. മുംബൈയിൽനിന്ന് അന്വേഷണ സംഘം പിടികൂടിയ ഇയാളെ വെള്ളിയാഴ്ചയാണ് അറസ്റ്റുചെയ്തത്. രണ്ടാം പ്രതിയായ ഗണേഷ് മണ്ഡലിനെ (53) കണ്ടെത്താനുള്ള ശ്രമം അന്വേഷണസംഘം ഉൗർജിതമാക്കി.
ഇരിക്കൂർ അൻസാർ മസ്ജിദിന് മുൻവശം നിർമാണത്തിലുള്ള കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന അഷീഖുൽ ഇസ്ലാമിനെ 'ദൃശ്യം' സിനിമ മോഡലിലാണ് കൊലപ്പെടുത്തി കെട്ടിടത്തിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയത്. കൊലപാതകശേഷം ഒരുമിച്ച് സ്ഥലം വിട്ട പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ മംഗളൂരുവിൽനിന്ന് വേർപിരിഞ്ഞതായി ഒന്നാംപ്രതി പൊലീസിന് മൊഴി നൽകി. രണ്ടാം പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, ഉളിക്കൽ സി.ഐ കെ. സുധീർ, ഇരിക്കൂർ എസ്.ഐ എൻ.വി. ഷീജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം ഗണേഷ് മണ്ഡൽ മുർഷിദാബാദിലെ വീട്ടിലേക്ക് ഗൂഗ്ൾ പേ വഴി പണമയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിവരത്തിെൻറ അടിസ്ഥാനത്തിൽ പണമയച്ച മൊബൈൽ നമ്പർ പിന്തുടർന്ന് രണ്ടാം പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും മറ്റും സംഭവസ്ഥലത്തുനിന്ന് വെള്ളിയാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. പ്രമാദമായ രണ്ട് കൊലപാതകങ്ങളാണ് അന്വേഷണസംഘം അടുത്തടുത്ത ദിവസങ്ങളിലായി തെളിയിച്ചത്. ഇതിെൻറ തുടർച്ചയായി, അഞ്ചുവർഷം മുമ്പ് ഇരിക്കൂറിനെ നടുക്കിയ കുഞ്ഞാമിന വധക്കേസിനും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.