വ്യാപാരി നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നാലുപേർ അറസ്റ്റിൽ
text_fieldsഇരിക്കൂർ: വിൽപനക്കുള്ള സ്ഥലം കാണിച്ചു നൽകാമെന്ന് പറഞ്ഞ് വളപട്ടണം ചിറക്കലിലേക്ക് കുട്ടിക്കൊണ്ടുപോയി ഇരിക്കൂറിലെ വ്യാപാരിയെ അതിക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ചു. വണ്ടിയും പണവും ഉൾപ്പെടെ കൊള്ളയടിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ നാലുപേരെ വളപട്ടണം പൊലീസ് മണിക്കൂറുകൾക്കക്കം അറസ്റ്റ് ചെയ്തു. സ്ഥല കച്ചവടത്തിന്റെ മറവിലായിരുന്നു സംഭവം.
വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിക്കൂർ വില്ലേജ് പ്രസിഡന്റും പ്രവാസി മലയാളി അസോസിയേഷൻ ജില്ല ഭാരവാഹിയുമായ ഇരിക്കൂർ ചേടിച്ചേരിയിലെ ബദരിയ്യ മൻസിലിൽ കെ.പി. ഹംസയാണ് മർദനത്തിനിരയായത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കാട്ടാമ്പള്ളിയിലെ പി.ടി. റഹിം (55), ചിറക്കൽ കാഞ്ഞിരത്തറയിലെ നായക്കൻ പുതിയപുരയിൽ എൻ.പി. റാസിഖ് (30), നാറാത്ത് ഓണപ്പറമ്പിലെ മന്ദൽ സൂരജ് (34), വളപട്ടണം മന്നയിലെ പി. അജ്നാസ് (32) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ വിൽപനക്കുള്ള സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് ഹംസയെ വിളിച്ചു കൊണ്ടുപോയ സംഘം ചിറക്കലിൽ ആളുകളില്ലാത്ത സ്ഥലത്തെത്തിച്ചശേഷം തുണിയിൽ കല്ലു കെട്ടിയും മറ്റും അതിക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഹംസയുടെ 5.5 ലക്ഷം വിലവരുന്ന കാറും ഡാഷിൽ സൂക്ഷിച്ചിരുന്ന 2.66 ലക്ഷം രൂപയും 1.65 ലക്ഷം രൂപയുടെ റാഡോ വാച്ചും ഉൾപ്പെടെ അക്രമിസംഘം കവർന്നു.
വൈകി റോഡരികിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. പരിക്കേറ്റ ഹംസയെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ വളപട്ടണം പൊലീസ് സംഘം പ്രദേശമാകെ തെരച്ചിൽ നടത്തി ചൊവ്വാഴ്ച പുലർച്ചയോടെ അക്രമികളെ പിടികൂടി. രണ്ടു പേരെ ജില്ലയിൽ വെച്ചും മറ്റ് രണ്ടു പേരെ വടകരയിൽ വെച്ചുമാണ് പിടികൂടിയത്.
നേരത്തേ മുതൽ സമാനമായ നിരവധി ആക്രമണക്കേസുകളിലടക്കം പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ടി.എൻ. വിപിൻ, പി. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഷമീം, സി.പി.ഒമാരായ കിരൺ, രൂപേഷ്, രമിത്ത്, ജിജേഷ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.