ഇരിക്കൂറിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsഇരിക്കൂർ: ഇരിക്കൂർ മണ്ണൂർകടവ് പാലം ജങ്ഷനിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർയാത്രികരായ അഞ്ചുപേർക്ക് പരിക്കേറ്റു.
പിണറായിയിൽ നിന്നും ഇരിക്കൂറിലേക്ക് വരുകയായിരുന്ന കാറും ഇരിട്ടിയിൽനിന്നും മട്ടന്നൂരിലേക്ക് വരുകയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ശക്തിയിൽ കാറിെൻറ മുൻഭാഗം പാടെ തകർന്നു.
കാറിെൻറ മുൻ സീറ്റിലിരുന്ന ഡ്രൈവറെയും യാത്രക്കാരനെയും നാട്ടുകാരാണ് പുറത്തെടുത്തത്. അഞ്ച് യാത്രക്കാർക്കും ഇരിക്കൂർ സ്വകാര്യ ആശുപത്രികളിൽ നിന്നും പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്.
നാഷനൽ ഹൈവേ അതോറിറ്റിയുടെ തലശ്ശേരി-മാഹി ബൈപാസിെൻറ ഡ്യൂട്ടിയിലുള്ളതാണ് ടിപ്പർ ലോറി. നാട്ടുകാർ വിവരമറിയിച്ച പ്രകാരം ഇരിക്കൂർ പൊലീസ് അപകട സ്ഥലത്തെത്തിയിരുന്നു. ഏതാനും സമയം സംസ്ഥാന ഹൈവേയിൽ ഗതാഗത സ്തംഭനമുണ്ടായി.
ഇവിടെ അപകടം പതിവ്
ഇരിക്കൂർ: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയിൽ മണ്ണൂർകടവ് പാലം സൈറ്റിലും വളവുപാലം ജങ്ഷനിലും അപകടം പതിവ് സംഭവമാണ്. പാലം സൈറ്റിൽ മൂന്നുംകൂടിയ ജങ്ഷനാണ് ഇവിടെ. പ്രത്യേക മുന്നറിയിപ്പ് സിഗ്നൽ ബോർഡുകളോ ഹമ്പുകളോ ഇല്ലാത്തതിനാൽ അപകടം നിത്യസംഭവമാണ്.
സംസ്ഥാന പാതയും മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവള റോഡും വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തിയതിനാൽ വാഹനങ്ങൾ അമിതവേഗതയിലാണ് പോവാറ്. അതിനാൽ വേഗം നിയന്ത്രിക്കാൻ ഇവിടെ ഹമ്പുകളോ അല്ലെങ്കിൽ പൊലീസ് ഔട്ട് പോസ്റ്റുകളോ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.
വളവ് പാലം ജങ്ഷനിലെ വളവും വീതി കുറഞ്ഞ റോഡും അപകടത്തിന് കാരണമാവുന്നു. കാറുകളും മറ്റു വാഹനങ്ങളും ഇവിടെ തോട്ടിലേക്ക് മറിഞ്ഞുള്ള അപകടവും വർധിക്കുകയാണ്. അതിനും പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.