വീട്ടമ്മ കുഴിയിൽ താണ സംഭവം: റിപ്പോർട്ട് നൽകി
text_fieldsഇരിക്കൂർ: വീടിനു പിന്നിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ വീട്ടമ്മ ഭൂമി താഴ്ന്ന് 10 മീറ്റർ അകലെയുള്ള അയൽവീട്ടിലെ കിണറ്റിനടിയിൽ എത്തിയ സംഭവത്തിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകി. ഭൂമിക്കടിയിലെ മണ്ണൊലിപ്പിലുണ്ടായ നീളത്തിലുള്ള കുഴിയാണ് ആയിപ്പുഴയിലെ കെ.എ. അയ്യൂബിെൻറ ഭാര്യ ഉമൈബ അപകടത്തിൽ പെടാൻ കാരണമായതെന്നാണ് നിഗമനം.
മഴ പെയ്യുമ്പോൾ മണ്ണിൽ ഊറിയിറങ്ങുന്ന ജലത്തിനൊപ്പം ഉറപ്പില്ലാത്ത മണ്ണും ഒഴുകി ചാലുകളായി രൂപപ്പെടുന്ന പ്രതിഭാസമാണ് ഇവിടെ നടന്ന സോയിൽ പൈപ്പിങ്. ഇതുമൂലമാകാം ഗർത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആയിപ്പുഴയിൽ വീട്ടമ്മ വീണ കിണറിെൻറ അടിഭാഗം പൊട്ടിപ്പൊളിഞ്ഞനിലയിലാണ്.
ഈ ഭാഗം കല്ലുവെച്ച് കെട്ടാത്തതിനാൽ കാലവർഷത്തിൽ ഭൂമിക്കടിയിലൂടെ മണ്ണൊലിച്ചിറങ്ങും. ഇങ്ങനെ രൂപപ്പെട്ട തുരങ്കം വഴിയാണ് അപകടമുണ്ടായത്. കിണറിെൻറ അടിഭാഗം കല്ലുവെച്ച് കെട്ടാനും തുരങ്കമുണ്ടായ മുറ്റമടക്കമുള്ള ഭാഗത്ത് ആരും പോവാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ച 12നാണ് ഉമൈബ കുഴിയിലകപ്പെട്ടത്. കാര്യമായ പരിക്കേൽക്കാതെ ഇത്രയും ദൂരം ഭൂമിക്കടിയിലൂടെ പോയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.