മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ
text_fieldsഇരിക്കൂർ: കാലവർഷത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ. മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാത്തതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്ന നിലയാണ് മാലിന്യക്കൂമ്പാരം.
കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും ഇരിക്കൂർ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതുകാരണം പുഴയിൽ കുറ്റിക്കാടുകൾ വളരുകയും ആഴം കുറയുകയും ചെയ്തു. കാടും പുല്ലും പടർന്നിരിക്കുകയാണ്. മഴക്കാലത്ത് പുഴയിൽ നീരൊഴുക്ക് ഉയരുന്നതിനുമുമ്പ് കാടും മണ്ണും മാറ്റണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ പ്രളയത്തിൽ പുഴയോട് ചേർന്നുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മാലിന്യവും മണ്ണും നിറഞ്ഞ് പുഴയുടെ ആഴം കുറഞ്ഞ സാഹചര്യത്തിൽ മഴ തുടങ്ങിയാൽ ഇത്തവണയും വെള്ളപ്പൊക്കം രൂക്ഷമാവും. കാലവർഷത്തിനുമുമ്പ് ബാവലിയടക്കമുള്ള പുഴകളിൽ ശുചീകരണം നടന്നെങ്കിലും ഇരിക്കൂറിൽ അതുണ്ടായില്ല. പുഴയിൽ നിറഞ്ഞ മാലിന്യങ്ങളും കാടുപടലങ്ങളും മഴക്കാലത്തിനുമുമ്പ് നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.
പുഴയിൽ മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽനിന്നുപോലും നിർമാണാവശിഷ്ടങ്ങൾ പുഴയിൽ തള്ളുകയാണ്. കല്യാണ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തള്ളുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അറവുമാലിന്യം അടിഞ്ഞുകൂടി തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു. ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ സ്കൂളുകളിലേക്ക് പോകുന്നത് പുഴ കടന്നാണ്. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടുകൂടി ഏട്ടക്കയം, നിലാമുറ്റം ഭാഗങ്ങളിൽ, പുഴ ഗതിമാറി ഒഴുകി മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്ന് കൂടാളി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. കൂടാളി പഞ്ചായത്തുമായി ചേർന്ന് പുഴ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.സി. നസിയത്ത് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.