ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ കിടത്തിച്ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചു
text_fieldsഇരിക്കൂർ: മലയോര മേഖലയിലെ പ്രധാന കിടത്തിച്ചികിത്സ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടരുന്നു. ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ കിടത്തിച്ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചത് രോഗികൾക്ക് ദുരിതമായി.
ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയുടെ ഭരണം ഏറ്റെടുത്തപ്പോൾ മഴക്കാല രോഗങ്ങൾക്കായി പ്രത്യേക സംവിധാനമൊരുക്കുമെന്നും കിടത്തിച്ചികിത്സയും രാത്രികാല ചികിത്സ ആരംഭിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഇടക്കാലത്ത് കിടത്തിച്ചികിത്സ സംവിധാനം നിർത്തി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധങ്ങൾക്കൊടുവിൽ ആരംഭിച്ച കിടത്തി ചികിത്സ ഇപ്പോൾ വീണ്ടും നിർത്തി.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ താലൂക്ക് ആശുപത്രി പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടാനോ പരിപാലിക്കാനോ തയാറാവാത്തതാണ് ദുരവസ്ഥക്ക് കാരണമെന്നാണ് ആരോപണം. 10 ഡോക്ടർമാരുണ്ടായിരുന്നതിൽ അഞ്ചുപേർ മാത്രമേ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളൂ. അതിൽതന്നെ മൂന്നുപേർ അവധിയിലുമാണ്. രണ്ട് ഡോക്ടർമാരാണ് ആയിരത്തോളം രോഗികളെ ചികിത്സിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഇരിക്കൂർ ആശുപത്രിയെ അത്യാഹിത വിഭാഗമുൾക്കൊള്ളുന്ന താലൂക്ക് ആശുപതിയായി ഉയർത്തിയത്.
അധിക തസ്തികയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരായി നാല് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു. ഇരിക്കൂറിന് പുറമേ മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും പടിയൂർ, കൂടാളി, മലപ്പട്ടം, പയ്യാവൂർ, ഉളിക്കൽ, ഏരുവശ്ശി, ചെങ്ങളായി പഞ്ചായത്തുകളിൽ നിന്നുമായി ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇരിക്കൂർ മേഖലയിൽനിന്ന് അടിയന്തിര ചികിത്സക്കും വിദഗ്ധ ചികിത്സക്ക് 30ഓളം കിലോമീറ്റർ മരണപ്പാച്ചിൽ നടത്തേണ്ട ഗതിയാണ്.
കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപയോളം ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. പുതിയ കെട്ടിടം നിർമിക്കാൻ നബാർഡിന്റെ 11.30 കോടി രൂപ ഫണ്ട് ലഭിച്ചിരുന്നെങ്കിലും സാങ്കേതിക നൂലാമാലകൾ കൊണ്ട് നിർമാണപ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.