ഇരിക്കൂർ മിനി സിവിൽ സ്റ്റേഷന് ഭൂമി അനുവദിച്ചു
text_fieldsഇരിക്കൂർ: സർക്കാർ കാര്യാലയങ്ങളുടെ അപര്യാപ്തതയും അസൗകര്യങ്ങളുംകൊണ്ട് വീർപ്പുമുട്ടുന്ന ഇരിക്കൂറിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തിന് ചിറകുമുളക്കുന്നു. കഴിഞ്ഞ ഇരിക്കൂർ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ഇരിക്കൂർ സിവിൽ സ്റ്റേഷന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചത്.
ഇരിക്കൂർ പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മിനി സിവിൽ സ്റ്റേഷനു ഭൂമി അനുവദിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിക്കൂർ പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫിസുകളുടെ ഭൗതികസ്ഥിതി പരിതാപകരമാണ്. പഞ്ചായത്ത് ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ് എന്നിവക്ക് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല. വില്ലേജ് ഓഫിസ്, രജിസ്ട്രാർ ഓഫിസ് എന്നിവ കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലാണ്. നേരത്തേ, പഞ്ചായത്തിന്റെ അഭ്യർഥന പ്രകാരം കലക്ടറുടെ നിർദേശാനുസരണം നിയോഗിച്ച സ്പെഷൽ ടീം ഇരിക്കൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ളതും പൊലീസ് വകുപ്പിന് കീഴിലുള്ളതുമായ റിസ.129/21 ൽ റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ, സ്റ്റേഷനോടു ചേർന്നുള്ള 64 സെന്റ് സ്ഥലം പൊലീസ് വുകുപ്പിനുതന്നെ ആവശ്യമുണ്ടെന്ന് അറിയിച്ചതിനാൽ തുടർ പ്രവർത്തനങ്ങൾ നടന്നില്ല.
ഇരിക്കൂർ ബസ്സ്റ്റാൻഡിന് സമീപം റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ കൈവശമുള്ള 0.3321 ഹെക്ടർ ഭൂമി ലഭ്യമാണെന്ന് അറിയിച്ച് തളിപ്പറമ്പ് തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനാവശ്യമായ നടപടികൾക്ക് കലക്ടർ അനുമതി നൽകിയിരിക്കുന്നത്. ഭൂ ഉടമാവകാശവും നിയന്ത്രണാധികാരവും റവന്യൂ വകുപ്പിലേക്ക് നിക്ഷിപ്തമാക്കിയാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.