ഇസ്മായിൽ മാഷ് ഇപ്പോഴും തിരക്കിലാണ്
text_fieldsഇരിക്കൂർ: ഔദ്യോഗിക അധ്യാപന ജീവിതത്തിൽനിന്ന് പിരിഞ്ഞിട്ടും നൂറുക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന തിരക്കിലാണ് ഇരിക്കൂർ ബ്ലാത്തൂർ സ്വദേശി കെ. ഇസ്മായിൽ മാഷ്. പഠിച്ച ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ ഹിന്ദി അധ്യാപകനായി ജോലി ചെയ്ത ഇസ്മായിൽ മാസ്റ്റർ 2019ൽ നെടുങ്ങാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് റിട്ടയർ ചെയ്തത്. അതിനുശേഷം നന്തി ദാറുസ്സലാം തർഖിയ്യ, വടക്കെ പൊയിലൂർ, പ്രാദേശിക ട്യൂഷൻ സെന്ററുകളിലും ഓൺലൈനായും നൂറുക്കണക്കിന് വിദ്യാർഥികളെ പഠിപ്പിക്കുന്ന തിരക്കിലാണ്. ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1982ൽ എസ്.എസ്.എൽ.സി പാസായ ശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് പ്രീഡിഗ്രി പാസായി. അവിടെത്തന്നെ ബി.എസ്.സി സുവോളജിക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് അഫ്ദലുൽ ഉലമ എഴുതി നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ താൽക്കാലിക അറബിക് അധ്യാപകനായി ആറുവർഷം ജോലി ചെയ്തു. അപ്പോഴും മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു ഹിന്ദി അധ്യാപകനാവുക എന്നത്. ഹിന്ദിയിൽ പ്രവീൺ കോഴ്സ് പൂർത്തിയാക്കി പി.എസ്.സി വഴി 1991 നവംബറിൽ തടിക്കടവ് ജി.യു.പി സ്കൂളിൽ ഹിന്ദി അധ്യാപകനായി ഔദ്യോഗിക അധ്യാപന ജീവിതം ആരംഭിച്ചു. അധ്യാപനത്തിനിടയിൽ മട്ടന്നൂർ കോളജിൽ നിന്ന് ബി.എ ഹിന്ദി, കണ്ണൂർ ബി.എഡ് സെന്ററിൽ നിന്ന് ബി.എഡ്, കേരള യൂനിവേഴ്സിററിയിൽ നിന്ന് ഹിന്ദിയിൽ എം.എ, സെറ്റ് എന്നിവ പാസായി. നിടിയെങ്ങ ജി.യു.പി, ജി.എച്ച്.എസ്.എസ് ഇരിക്കൂർ, ജി.എച്ച്.എസ്.എസ് കൊയ്യം എന്നീ സ്ക്കൂളുകളിലും എച്ച്.എസ്.എസ്ടി പ്രമോഷനായി തലശ്ശേരി കാവുംഭാഗം ഹയർ സെക്കൻഡറിയിലും തുടർന്ന് നെടുങ്ങോം ഹയർസെക്കൻഡറി സ്കൂളിലും അധ്യാപകനായി ജോലി ചെയ്തു. അവിടെ നിന്ന് 2019ൽ വിരമിച്ചു. പത്താം ക്ലാസ് തുല്യതാ പരീക്ഷ ഉദ്യോഗാർഥികൾക്ക് തുടർച്ചയായി ഏഴൂ വർഷം ഹിന്ദി അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിരമിച്ചതിനു ശേഷം അധ്യാപനത്തോടൊപ്പം സ്കൂൾ, കോളജ്,സി.ബി.എസ്.ഇ, കേരളോത്സവം എന്നീ മത്സര വേദികളിൽ മാപ്പിള കലകളിൽ വിധികർത്താവായും പരിശീലകനായും സേവനമനുഷ്ഠിക്കുന്നു. 2019ൽ റിട്ടയർമെന്റിന് ശേഷമാണ് മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ അറബിക്ക് ബിരുദം ഫസ്റ്റ് ക്ലാസോടെ കരസ്ഥമാക്കിയത്. മാപ്പിള കലയിൽ പിഎച്ച്.ഡി പഠിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ. മറിയമാണ് ഭാര്യ. മക്കൾ: സുഹൈൽ ( അധ്യാപകൻ, ജിഎച്ച്എസ്എസ് അഴീക്കോട്), ജുമൈൽ, നുഫൈൽ (എൻജിനീയർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.