പ്രതിഷേധം; താലൂക്കാശുപത്രി സായാഹ്ന ഒ.പി പുനരാരംഭിച്ചു
text_fieldsഇരിക്കൂർ: പ്രതിഷേധം കനത്തതോടെ ഇരിക്കൂർ താലൂക്ക് ആശുപത്രി സായാഹ്ന ഒ.പി പുനരാരംഭിച്ചു. ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സക്കെത്തുന്ന താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചത് രോഗികളെ ദുരിതത്തിലാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സായാഹ്ന ഒ.പി നിലച്ചത് മാധ്യമം വാർത്ത നൽകിയിരുന്നു. ആകെ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാർ ലീവ് ആയതാണ് സായാഹ്ന ഒ.പി നിലക്കാൻ കാരണം. ആശുപത്രിയുടെ ചുമതലയുള്ള ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പകരം സംവിധാനം കാണുവാൻ തയാറാവാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
ആശുപത്രിയിൽ ദന്തൽ ഒ.പി നാലുമാസമായി അടഞ്ഞുകിടക്കുകയാണ്. ദന്ത ഡോക്ടർ സ്ഥലം മാറിപ്പോയതിനു ശേഷം പകരം ഡോക്ടറെ നിയമിക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ അധികൃതർ തയാറായിട്ടില്ല. നിരവധി രോഗികളാണ് ഡെന്റൽ ഒ.പി ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.
നേരത്തെ ഇരിക്കൂർ പഞ്ചായത്തിലൂടെ താലുക്കാശുപത്രിക്ക് അനുവദിച്ച ഡെന്റൽ ചെയർ ചെങ്ങളായിലേക്ക് മാറ്റിയത് വിവാദമായിരുന്നു.
രഹസ്യമാക്കിവെച്ച വിവരം പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ബ്ലോക്ക് പഞ്ചായത്ത് അധികൃതർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടാനോ പരിപാലിക്കാനോ തയാറാവാത്തതാണ് ദുരവസ്ഥക്ക് കാരണമായിട്ടുള്ളതെന്ന് ജനങ്ങൾ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ കാര്യത്തിൽ ശാശ്വതമായ പരിഹാരം ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.