'സെറിൻ' തട്ടിപ്പിനിരയായ കൂടുതൽ പേർ രംഗത്ത്
text_fieldsഇരിക്കൂർ: ബാങ്ക് കടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മുഴുവൻ കടവും വീട്ടിത്തരുമെന്നുപറഞ്ഞ് സെറിൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ തട്ടിപ്പിനിരയായ കൂടുതൽപേർ പരാതിയുമായി രംഗത്ത്.
നിയമ സഹായത്തിനായി ഇരിക്കൂറിൽ ആരംഭിച്ച ആക്ഷൻ കമ്മിറ്റി മുഖാന്തരം വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 365 ഓളം പരാതികൾ ലഭിച്ചുവെന്നും തുടർ ദിവസങ്ങളിൽ പൊലീസിൽ പരാതി നൽകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇരിക്കൂർ സിദ്ദീഖ് നഗറിൽ പ്രവർത്തിച്ചുവന്നിരുന്ന സെറിൻ ചാരിറ്റബിൾ ട്രസ്റ്റാണ് തട്ടിപ്പ് നടത്തിയത്. ഇതേ തട്ടിപ്പ് കേസിൽ കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് മൗലവിയുടെ നേതൃത്വത്തിലാണ് വടക്കേ മലബാറിലും തട്ടിപ്പ് നടത്തിയതെന്ന് പരാതിയുണ്ട്. മൂന്നുവർഷം മുമ്പാണ് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ഇരിക്കൂറിൽ ആരംഭിക്കുന്നത്.
സെറിൻ ചാരിറ്റബിൾ ട്രസ്റ്റ് ആരെയും പറ്റിച്ചിട്ടില്ല –അബ്ദുൽ നാസർ മദനി
ഇരിക്കൂർ: സെറിൻ ചാരിറ്റബിൾ ഫോർ ചലഞ്ചിങ് സൊസൈറ്റി, കണ്ണൂർ ജില്ലയിൽ മാത്രം പ്രവർത്തിക്കാൻ രജിസ്ട്രേഷനുള്ള ചാരിറ്റി സംഘടന യാണെന്നും കേരളത്തിലെ ഏതെങ്കിലും കമ്മിറ്റികളുമായോ ട്രസ്റ്റികളുമായോ ഒരു ബന്ധവുമില്ലെന്നും സെക്രട്ടറി അബ്ദുൽ നാസർ മദനി അറിയിച്ചു.
ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബ്ലേഡ് മാഫിയകളിൽനിന്നും ലോണെടുത്ത് പലിശ കയറി വീടും സ്ഥലവും നഷ്ടപ്പെട്ടവരെയും മാരക രോഗംവന്ന് ചികിത്സ സഹായം വേണ്ടവരെയും കാലവർഷത്തിലും പ്രകൃതിദുരന്തങ്ങളിലും നാശനഷ്ടമുണ്ടായവരെയും സഹായിക്കുകയാണ് ലക്ഷ്യം.
ഇതിനുള്ള വരുമാന മാർഗമായി ട്രസ്റ്റിൽ അംഗമാവുന്നവരും ആനുകുല്യങ്ങൾക്ക് അപേക്ഷ നൽകുന്നവരും നൽകുന്ന 1000 രൂപ ഫീസ്, സമ്പന്നരിൽ നിന്ന് ലഭിക്കുന്ന സകാത്ത്, സംഭാവനകൾ, ധനകാര്യ സ്ഥാപനങ്ങളിൽ പലിശവാങ്ങാതെ വലിയ നിക്ഷേപമുള്ളവരുടെ പലിശ തുക സംഭരണം എന്നിവയിലൂടെയാണ് ധനശേഖരണം. കോവിഡും ലോക്ഡൗണും തുടങ്ങിയത് മുതൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. മലപ്പുറത്ത് അറസ്റ്റ് ചെയ്ത കോട്ടയം ചങ്ങനാശ്ശേരിയിലെ മുഹമ്മദ് റിയാസുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും നാസർ മദനി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.