ഊരത്തൂരിൽ തലയോട്ടി കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ
text_fieldsഇരിക്കൂർ: കല്യാട് ഊരത്തൂർപറമ്പിൽ രണ്ടുവർഷം മുമ്പ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിെൻറ ചുരുളഴിയുന്നു. ചെങ്കൽപണയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി സയ്യിദ് അലിയുടെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ അസം ഗുവാഹതിക്കടുത്ത ബെർപേട്ട ജില്ലയിലെ സാദിഖ് അലിയെ (21) ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മുനീർ, എസ്.ഐ നിധീഷ് എന്നിവർ അറസ്റ്റുചെയ്തു.
2018ലാണ് ഊരത്തൂർ ചെങ്കൽപണയുടെ സമീപത്തുനിന്ന് ആദ്യം തലയോട്ടി കണ്ടെത്തിയത്. അടുത്ത ദിവസങ്ങളിൽ ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും അവയവങ്ങൾ ശാസ്ത്രീയ പരിശോധനക്കയക്കുകയും ചെയ്തിരുന്നു.
പരിശോധനയിൽ ഊരത്തൂർ ഗവ. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വാടക മുറിയിൽ താമസിച്ചിരുന്ന സയ്യിദ് അലിയുടേതാണ് തലയോട്ടിയും അവയവങ്ങളുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെങ്കൽപണയിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലേക്ക് പോയെന്നാണ് കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരും കരുതിയത്. സയ്യിദ് അലിയുടെ മരണം കൊലപാതകമാണെന്ന സംശയമുയർന്നുവെങ്കിലും അതിനെ ബലപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
കൃത്യം നടന്നതിനുശേഷം ഇവിടെനിന്നു മുങ്ങിയ സാദിഖ് അലി രണ്ട് ദിവസത്തിനുശേഷം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാനെന്ന പേരിൽ വീണ്ടും ഊരത്തൂരിലെത്തി സയ്യിദ് അലിയുടെ മുറിയിൽ കയറി മൊബൈൽ ഫോണും പണവും കവർന്ന് അസമിലേക്ക് കടന്നിരുന്നു. മരിച്ച സയ്യിദ് അലി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ വഴി ഇരിക്കൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെർപേട്ട മാർക്കറ്റിൽവെച്ച് സാദിഖ് അലിയെ പിടികൂടി ഇരിക്കൂറിലെത്തിച്ചിരുന്നു.
2018 ജനുവരി 27 മുതൽ സയ്യിദ് അലിയുടെ തിരോധാനവും സാദിഖ് അലി നാട്ടിലേക്ക് വണ്ടി കയറിയതുമാണ് ഇദ്ദേഹം പൊലീസിെൻറ നോട്ടപ്പുള്ളിയായത്. എന്നാൽ, കൊലപാതകം സംബന്ധിച്ച് പൊലീസിന് കൂടുതൽ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ മൊബൈൽ ഫോൺ കവർന്ന കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചു. പിന്നാലെ ഇവിടെനിന്ന് മുങ്ങുകയും ചെയ്തു. ഈ കേസിൽ വാറൻറ് പ്രതിയായ ഇദ്ദേഹം വീണ്ടും ഊരത്തൂരിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, ഇയാൾക്ക് സയ്യിദ് അലിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും സയ്യിദ് അലിയെ കാണാതായ ദിവസം ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായുമുള്ള നിർണായക തെളിവുകൾ ലഭിച്ചു. ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ സാദിഖ് അലിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.