അവർ നല്ല കാഴ്ചകൾ പകർത്തിയിറങ്ങി ആഴങ്ങളിലേക്ക്...
text_fieldsഇരിക്കൂർ: ഉറ്റമിത്രങ്ങൾ കളിചിരിയുമായെത്തി നല്ല കാഴ്ചകൾ പകർത്തിയിറങ്ങിയത് ആഴങ്ങളിലേക്ക്. ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞിരുന്നവർ അത് അറം പറ്റിയ വിധം ഒന്നിച്ച് മറയുകയായിരുന്നു. കരയിൽ എല്ലാം കണ്ട് നിലവിളിക്കാനേ കൂടെയെത്തിയവൾക്ക് കഴിഞ്ഞുള്ളൂ.
പഴശ്ശി ഡാം പരിധിയിൽ പടിയൂർ പൂവം കടവിലാണ് രണ്ടു വിദ്യാർഥിനികളെ ചൊവ്വാഴ്ച ഒഴുക്കിൽ പെട്ട് കാണാതായത്. ഇരിക്കൂർ സിബ്ഗ കോളജ് സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂരിലെ ഹഫ്ത്ത് മൻസിലിൽ ഷഹർബാന (30), അഞ്ചരക്കണ്ടി നാലാംപീടികയിലെ ശ്രീലക്ഷ്മിയിൽ സൂര്യ (19) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
സർവകലാശാല പരീക്ഷ കഴിഞ്ഞ് പടിയൂർ പൂവത്തെ സുഹൃത്തായ പുതിയപുരയിൽ ജസീനയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു ഇരുവരും. തുടർന്ന് ജസീനയോടൊപ്പം ഇവർ പുഴയും ഡാമിന്റെ പരിസര പ്രദേശങ്ങളും കാണുവാനായി പൂവം കടവിലെത്തിയതായിരുന്നു. പുഴക്കാഴ്ചയും മറ്റും മൊബെലിൽ പകർത്തുന്നതിനിടെ കാൽവഴുതി സൂര്യയും ഷഹർബാനയും പുഴയിലേക്ക് പതിക്കുകയായിരുന്നുവത്രെ.
നല്ല ഒഴുക്കായതിനാൽ കരയിലുണ്ടായിരുന്ന ജസീനക്ക് ഇരുവരെയും രക്ഷിക്കാനുമായില്ല. സമീപത്തുണ്ടായിരുന്ന മീൻപിടിത്തക്കാർ ഇവരോട് പുഴയിലിറങ്ങരുതെന്ന് പലതവണ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതിനിടെ ദുരന്തം വന്നെത്തിയിരുന്നു. ഇതോടെ ഇവിടം സങ്കടക്കടലായി.
ദുരന്തം താങ്ങാനാവാതെ പൂവം നിവാസികൾ
ഇരിക്കൂർ: ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ് പടിയൂർ പൂവം നിവാസികൾ. അവർക്ക് ഇതൊന്നും താങ്ങാനാവില്ല. ചെറിയ ദുരിതങ്ങൾ പോലും നാടിന്റെയാകെ പ്രശ്നമായി ഏറ്റെടുക്കുന്ന ഇവിടത്തുകാർക്ക് ചൊവ്വാഴ്ച മറ്റൊരു സങ്കട ദിനമാവുകയായിരുന്നു.
പടിയൂർ പൂവം കടവിൽ രണ്ടു വിദ്യാർഥിനികൾ ഒഴുക്കിൽപെട്ട് കാണാതായതിന്റെ ദുരന്ത ഭീതിയിലാണിവർ. ജസീന നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബുധനാഴ്ച രാവിലെ മുതൽ ഇരിക്കൂർ പൊലീസ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസും മട്ടന്നൂർ, ഇരിട്ടി ഉൾപ്പെടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്കൂബയും മുങ്ങൽ വിദഗ്ധരും ഉൾപ്പെടെ തെരച്ചിൽ നടത്തുകയായിരുന്നു. രാത്രിയോളം ആഴങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിനികളെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് പ്രായഭേദമന്യേ ഓടിയെത്തിയവരെല്ലാം ആഴങ്ങളിൽ കണ്ണുനട്ട് പ്രാർഥനയോടെ കണ്ണീർ വാർത്ത് നിൽക്കുന്നുണ്ടായിരുന്നു. കാണാതായ വിദ്യാർഥിനികളുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം പുഴക്കരയിലെത്തി കണ്ണീർവാർത്ത് നിരാശയോടെ മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.