ഇരിക്കൂറിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ
text_fieldsപട്ടീലിലെ ഇടുങ്ങിയ റോഡിലൂടെ ലോറിയും ബസും പോകുന്നു
ഇരിക്കൂർ: ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ പുറത്തിറങ്ങാൻ ഭയന്ന് ഇരിക്കൂർ ജനത. വെള്ളിയാഴ്ച നടന്ന രണ്ട് അപകടങ്ങളിൽ വീട്ടമ്മക്ക് ജീവൻ നഷ്ടമായി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എ.പി. താഹിറയാണ്അമിത വേഗത്തിലെത്തിയ ടോറസ് ലോറി ഇടിച്ച് മരിച്ചത്.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയുടെ പിൻചക്രങ്ങൾ താഹിറയുടെ ശരീരത്തിൽ കയറിയിറങ്ങി. ഭർത്താവ് ആദത്തിന് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ ഇരിക്കൂർ നിലാമുറ്റത്ത് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേറ്റു. ഒരു മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും.
ഒരു മാസം മുമ്പ് ചൂളിയാട് കടവിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിക്ക് ജീവൻ നഷ്ടമായിരുന്നു. ക്വാറികളിൽ നിന്നുള്ള ലോറികളുടെ അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കരിങ്കൽ ഉൽപന്നങ്ങളുമായി നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ ചീറിപ്പായുകയാണ്.
രാവിലെ 8.30 മുതൽ 10 വരെ യും വൈകീട്ട് 3.30 മുതൽ അഞ്ചു വരെയും സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പറുകൾക്ക് ഓടാൻ അനുമതിയില്ലാത്തതിനാൽ ഇതിന് മുമ്പ് പരമാവധി ലോഡ് എത്തിക്കാൻ ഡ്രൈവർമാരുടെ മരണപ്പാച്ചിലാണ്. ലോഡ് ഇറക്കിയ ശേഷം ക്വാറിയിലേക്ക് പോകുന്നതിനിടെയായിരുന്നു താഹിറയുടെ മരണത്തിനിടയാക്കിയ അപകടം. ദിവസേന നൂറിലേറെ ടിപ്പർ ലോറികളാണ് ഇരിക്കൂർ വഴി ഓടുന്നത്. മിക്ക മദ്റസസകളും രാവിലെ 6.30 മുതൽ പ്രവർത്തിക്കുന്നവയാണ്. ഈ സമയം മുതൽ ഇത്തരം ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇരിക്കൂർ ഹൈസ്കൂൾ റോഡിലൂടെ സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്ക് പ്രവേശനമില്ലാത്തതിനാൽ പട്ടീൽ, മാമാനം കല്യാട് റോഡുകളിലൂടെയാണ് ഭാരമുള്ള കല്ലും വണ്ടി പോകുന്നത്. ഇത് സ്കൂൾ ബസിനും നടന്നുപോകുന്ന സ്കൂൾ വിദ്യാർഥികൾക്കും അപകട ഭീഷണിയായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.