മത്സ്യവണ്ടിയിലെത്തി കവർച്ച നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ
text_fieldsഇരിക്കൂര്‍: മത്സ്യ വണ്ടിയിലെത്തി കടകളിലും വീടുകളിലും കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടു പേർ ഇരിക്കൂര്‍ എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് ആയോടന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിയിലായി. കര്‍ണാടക ഷിമോഗ സാഗര്‍ ഫസ്റ്റ് ക്രോസ് എസ്.എന്‍ നഗറിലെ മുഹമ്മദ് ജാക്കിര്‍ (32), സാഗര്‍ ഫിഫ്ത്ത് ക്രോസ് ജന്നത്ത് നഗറിലെ നൗഫല്‍(32) എന്നിവരാണ് പിടിയിലായത്. ഇവരെ എസ്.ഐ പി. ബാബുമോൻ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ച പടിയൂര്‍ പൂവ്വത്ത് ഷബാബ് മന്‍സിലില്‍ അബ്ദുൽ ഷബാഹിന്റെ വീട്ടിൽ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പരാതിയില്‍ നടന്ന അന്വേഷണമാണ് ഇവരെ കുടുക്കിയത്. ഈ വീടിന്റെ വശങ്ങളിലായി സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളിൽ പിൻഭാഗത്തെ മൂന്നെണ്ണം തോര്‍ത്ത് മുണ്ടുകൊണ്ടും തുണികൊണ്ടും മറച്ച കവർച്ച സംഘം അടുക്കള വാതിലിന്റെ ഗ്രില്‍സ് തകര്‍ത്താണ് അകത്തുകയറിയത്.
ഒരു കിടപ്പുമുറിയിലെ അലമാര മുഴുവന്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തൊട്ടപ്പുറത്തെ മുറിയില്‍ അധ്യാപകനും കുടുംബവും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ആ മുറിയില്‍ നിന്ന് ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നുവെന്ന ധാരണയില്‍ കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെട്ടു. പുലര്‍ച്ച ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് 200ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഷിമോഗ സാഗറിലെത്തിയ സംഘം വെള്ളിയാഴ്ച പുലര്‍ച്ചയോടെ രണ്ടുപേരെയും പിടികൂടി.
മത്സ്യം കയറ്റിയ വണ്ടിയില്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിൽ പതിവായി വരുന്നവരാണ് ഇവര്‍. രാത്രിയില്‍ മത്സ്യവുമായി വരുന്നതിനിടയില്‍ വീടുകളും കടകളും കണ്ടുവെക്കും. പുലര്‍ച്ച കവര്‍ച്ച നടത്തി നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. കുമ്പളയിലും കർണാടകയിലെ പല സ്ഥലത്തും ഇവര്‍ കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. എ.എസ്.ഐ ലക്ഷ്മണന്, സീനിയര്‍ സി.പി.ഒമാരായ കെ.വി. പ്രഭാകരന്, കെ.ജെ. ജയദേവന്, ഷംസാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.