അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ
text_fieldsഇരിക്കൂർ: ഇരിക്കൂറിനടുത്ത് ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ വീണു. 25 കോൽ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലുo അത്ഭുതകരമായി രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിെൻറ ഭാര്യ ഉമൈബ (42)യാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്.
വീടിെൻറ അടുക്കളയുടെ സമീപത്തുവെച്ച് ഉമൈബ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. കിണർ ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളിൽ നിന്നും കരച്ചിൽ കേട്ട അയൽവാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോൾ ഉമൈബയെ കാണുകയും ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.
നാട്ടുകാർ ചേർന്ന് മട്ടന്നൂർ പൊലീസിനേയും അഗ്നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേർന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ വീണ് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റർ അകലെയുള്ള കിണറിലേക്ക് പതിച്ച സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നതും നാട്ടുകാരിൽ അത്ഭുതമുളവാക്കിയിരിക്കുകയാണ്. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് ജനം ഒഴുകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.