വ്യാജ അക്കൗണ്ടുമായി 1.5 കോടി രൂപ തട്ടിയെന്ന കേസ്: സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ
text_fieldsഇരിട്ടി: യു.ഡി.എഫ് ഭരിക്കുന്ന അയ്യൻകുന്ന് വനിത കോഓപറേറ്റിവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ചു 1.5 കോടി രൂപയോളം വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്.എച്ച്.ഒ കെ.ജെ. വിനോയ് അറസ്‌റ്റ് ചെയ്‌തത്. മട്ടന്നൂർ കോടതി ഇവരെ റിമാൻഡ് ചെയ്‌തു. രണ്ടു പരാതികളിലാണ് നടപടി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ 50,000 രൂപ സഹകരണ സംഘത്തിൽനിന്ന് വായ്‌പയെടുത്തിട്ടുള്ളതായി ഒരു വ്യക്‌തി നൽകിയ പരാതിയിലും അംഗങ്ങൾ അറിയാതെ അര ലക്ഷം രൂപ വീതം വായ്‌പ നൽകിയതായി രേഖകളുണ്ടാക്കിയും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തിയും 1.5 കോടി രൂപയോളം തട്ടിയതായി അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി നൽകിയ പരാതിയിലുമാണു കരിക്കോട്ടക്കരി പൊലീസ് നേരത്തെ കേസെടുത്തിരുന്നത്.
ഈ കേസുകളിൽ പി.കെ. ലീല നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്‌ഥനു മുൻപാകെ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇന്നലെ കരിക്കോട്ടക്കരി സ്‌റ്റേഷനിൽ എത്തുകയായിരുന്നു. ഒമ്പത് മാസം മുൻപ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് ഭരണച്ചുമതല നൽകിയിരുന്നു.
തുടർന്ന് ലീലയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കമ്പിനിരത്ത് പ്രദേശത്തുള്ള നിരവധി പേരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ക്രമക്കേട് നടത്തിയതായാണ് പരാതി. ഇത്തരം അക്കൗണ്ട് ഉടമകളുടെ പേരിൽതന്നെ പരസ്‌പരം വായ്‌പ ജാമ്യവും കണിച്ചെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പിനെ തുടർന്നു നിരവധി നിക്ഷേപകർക്കും പണം നഷ്‌ടപ്പെട്ടതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.