പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 15 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു
text_fieldsഇരിട്ടി: 2018 ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളുടെ വീടെന്ന സ്വപ്നങ്ങൾക്ക് ചിറകു മുളക്കുന്നു. വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങൾക്കാണ് പായം പഞ്ചായത്തിലെ കിളിയന്തറയിൽ മുംബൈ യൂണിലിവർ കമ്പനി വില്ല മാതൃകയിൽ വീടുകൾ നിർമിക്കുന്നത്. സർക്കാർ വിലക്കുവാങ്ങിയ ഒരേക്കർ സ്ഥലത്താണ് ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കമ്പനി മേൽനോട്ടത്തിൽ പാർപ്പിട സമുച്ഛയം ഒരുങ്ങുന്നത്. വില്ല മാതൃകയിലാണ് പതിനഞ്ച് വീടുകളുടെയും നിർമാണം.
അഞ്ചര കോടിയിലധികം രൂപ മുടക്കിയാണ് പദ്ധതിയൊരുങ്ങുന്നത്. താമസിക്കാൻ കഴിയും വിധം ഒരു വീടിന്റെ പ്രവൃത്തി പൂർത്തിയായി. ഭൂഘടനയിൽ വലിയ മാറ്റം വരുത്താതെ മുന്ന് തട്ടുകളാക്കി തിരിച്ച സ്ഥലത്താണ് പാർപ്പിടങ്ങൾ ഒരുങ്ങുന്നത്. ആദ്യ നിരയിൽ ആറും രണ്ടാം നിരയിലെ ഉയർന്ന സ്ഥലത്ത് നാലും ഏറ്റവും മുകളിലെ സ്ഥലത്ത് നാലും വീടുകൾ പിരമിഡ് മാതൃകയിലാണ് നിർമിക്കുന്നത്.
മെയ് 31 നകം പ്രവൃത്തി പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥലം സന്ദർശിച്ച യൂണിലിവർ പ്രതിനിധി രാജഗോപാൽ പറഞ്ഞു. ജില്ലയിൽ പ്രളയ ദുരിതാശ്വാസ ഭാഗമായി പഞ്ചായത്ത് തലത്തിൽ പൂർത്തീകരിക്കുന്ന വിപുലമായ പാർപ്പിട പദ്ധതിയാണ് കിളിയന്തറയിലേത്. കുടിവെള്ളം, വിശാലമായ മുറ്റം, ഇതര സൗകര്യങ്ങളും പാർപ്പിട പദ്ധതി ഭാഗമായി നടപ്പാക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, മുൻ പ്രസിഡന്റ് എൻ. അശോകൻ, അനിൽ എം. കൃഷ്ണൻ, മുജീബ് കുഞ്ഞിക്കണ്ടി, എം.എസ്. അമർജിത്ത്, പി.എൻ. ജസി എന്നിവരും യൂണിലിവർ പ്രതിനിധിക്കൊപ്പം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.