പഴശ്ശി സംഭരണിയിൽ മാലിന്യം തള്ളുന്നത് തടയാൻ വേലി നിർമിക്കും
text_fieldsഇരിട്ടി: ഇരിട്ടി നഗരത്തിൽ ശുചീകരണം പുറമോടി മാത്രമാണെന്നതിന്റെ നേർക്കാഴ്ചയാണ് പുതിയ സ്റ്റാൻഡിന് സമീപം പദ്ധതി പ്രദേശത്ത് തള്ളിയ മാലിന്യം. കുടിവെള്ളത്തിനായി വേനൽക്കാലത്ത് വെള്ളം കെട്ടിനിർത്തുന്ന പദ്ധതി പ്രദേശത്തേക്കാണ് ഹോട്ടലുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം എത്തുന്നത്.
നഗരസഭയുടെ നേതൃത്വത്തിൽ നേരത്തേ ബൈപാസ് റോഡിനായി മണ്ണിട്ട് ഉയർത്തിയ പ്രദേശമാണിത്. കക്കൂസ് മാലിന്യം ഉൾപ്പെടെ ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിച്ച് പദ്ധതിയിലേക്ക് ഒഴുക്കിവിടുന്ന സ്ഥപനങ്ങളുമുണ്ട്. നഗരസഭയുടെ ഇടപെടലുണ്ടായെങ്കിലും സ്ഥിതി തുടരുകയാണ്. വഴിയോരത്തെ രാത്രികാല തട്ടുകടകളിൽ നിന്നുള്ള മാലിന്യങ്ങളും പദ്ധതി പ്രദേശത്താണ് തള്ളുന്നത്. ഇത് കുടിവെള്ളത്തിലാണ് കലരുന്നത്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നഗരസഭയുടെ നേതൃത്വത്തിൽ ഫെൻസിങ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വലിച്ചെറിയൽ തടയാൻ ഫെൻസിങ്
പദ്ധതി പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ നഗരസഭയുടെ നേതൃത്വത്തിൽ ഫെൻസിങ് സ്ഥാപിക്കുന്നു. 20 ലക്ഷം രൂപ വകയിരുത്തി 240 മീറ്ററിലാണ് വേലി നിർമിക്കുകയെന്ന് നഗരസഭ അധികൃതർ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സെക്രട്ടറി രാഗേഷ് പലേരി വീട്ടിൽ, പൊതുമാരമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. ചൊവ്വാഴ്ച ജലസേചന വിഭാഗവും പരിശോധന നടത്തി വേലി സ്ഥാപിക്കേണ്ട ഭാഗം നിശ്ചയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.