അയ്യൻകുന്നിൽ വീണ്ടും മാവോവാദി സംഘമെത്തി
text_fieldsഇരിട്ടി: ആറളത്തിന് പിറകെ അയ്യൻകുന്നിലും വീണ്ടും മാവോവാദി സംഘമെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ അയ്യൻകുന്നിലെ വാണിയപ്പാറയിലെത്തിയ അഞ്ചംഗ സായുധ സംഘം കളിതട്ടുംപാറയില മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലെത്തി പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യസാധനങ്ങളും മൊബൈൽ ചാർജിങ് സൗകര്യങ്ങളും ആവശ്യപ്പെടുകയായിരുന്നു.
ഒരു സ്ത്രീ ഉൾപ്പെടുന്ന സംഘം രണ്ട് എ.കെ 47 തോക്കുകളും മൂന്ന് റൈഫിളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് തങ്ങളുടെ വീട്ടിലെത്തിയതെന്നും തങ്ങൾക്കായി കരുതിയ ഭക്ഷണം സംഘം കഴിച്ചതായും വീട്ടുകാർ പൊലീസിന് മൊഴി നൽകി.
വീട്ടിലുണ്ടായിരുന്ന അഞ്ച് കിലോ അരിയും ഉള്ളിയും വസ്ത്രങ്ങളും ഉൾപ്പെടെ ശേഖരിച്ച് ഫോണുകളും പവർ ബാങ്കും ചാർജ് ചെയ്ത ശേഷം ഏകദേശം രാത്രി 9.45ഓടെ സംഘം തിരിച്ചുപോയതായും വീട്ടുകാർ പറഞ്ഞു. സംഘാംഗങ്ങളിൽ ഒരാൾ മാത്രമായിരുന്നു ആദ്യം വീട്ടിലെത്തിയതെന്നും പിന്നീട് സായുധരായ നാലു പേർകൂടി വന്നതോടെ ഭയന്നതായും വീട്ടുടമ ബിജു പറഞ്ഞു.
അവർ തിരികെ പോകുംവരെ വീട്ടിലുള്ളവർ ആരുമായും ഫോണിൽ ബന്ധപ്പെടരുതെന്നും തങ്ങളുടെ ഫോണിലേക്കു വരുന്ന കോളുകൾ എടുക്കുമ്പോൾ അവരെക്കുറിച്ച് പറയരുതെന്നും മാവോവാദികൾ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ എത്തിയ മാവോവാദികൾ ബാരാപ്പോൾ മിനി വൈദ്യുതി നിലയത്തെക്കുറിച്ച് വിവരങ്ങൾ തിരക്കിയതിന്റെ അടിസ്ഥാനത്തിൽ ബാരാപ്പോളിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ബാരാപ്പോളിന്റെ സമീപ പ്രദേശമായ വാണിയപ്പാറയിലെ മാവോവാദി സാന്നിധ്യം അതിഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ, കരിക്കോട്ടകരി പൊലീസ് ഇൻസ്പെക്ടർ പി.ബി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബിജുവിനോടും കുടുംബത്തോടും വിവരങ്ങൾ ശേഖരിച്ചു. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വന്നത് മാവോവാദി സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
അഞ്ചുപേരെയും തിരിച്ചറിഞ്ഞതായും ഇവർക്കായി പ്രത്യേക അന്വേഷണം ആരംഭിച്ചതായും മലയോരത്തെ വനമേഖല അതിർത്തിപങ്കിടുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.