മലയോര ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തി കാട്ടാനക്കൂട്ടം
text_fieldsഇരിട്ടി: കാട്ടാനകളുടെ വിളയാട്ടം മലയോരത്ത് തീറ്റപ്പുൽ കൃഷിയെയും ബാധിക്കുന്നു. മുമ്പ് തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചിരുന്നത്. ആറളം- മുഴക്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറളം പുഴക്കരയിൽ ക്ഷീരകർഷകർക്ക് വേണ്ടി ആരംഭിച്ച തീറ്റപ്പുൽ കൃഷി കഴിഞ്ഞ ദിവസം കാട്ടാനകൾ കൂട്ടമായിറങ്ങി ചവിട്ടിമെതിച്ചു.
ഇതുമൂലം നഷ്ടമായത് 11പേരടങ്ങുന്ന ചെറുപ്പക്കാരുടെ സ്വപ്നമാണ്. വായ് പയെടുത്തും ലോണെടുത്തുമായിരുന്നു ഏക്കർ കണക്കിനു ഭൂമിയിൽ ഇവർ തീറ്റപ്പുൽ കൃഷിയിറക്കിയിരുന്നത്.
മലയോര മേഖലയിലെ നിരവധി ക്ഷീരകർഷകർക്ക് ആശ്രയമായിരുന്നു ഈ തോട്ടം. 17 ഏക്കർ ഭൂമിയിലായിരുന്നു മുന്തിയ ഇനം ഗുണമേന്മയുള്ള പുൽവിത്തുകൾ കൊണ്ടുവന്ന് കൃഷിയിറക്കിയത്. ക്ഷീരകർഷകർക്ക് ഗുണമേന്മയുള്ള തീറ്റപ്പുൽ നൽകാമെന്ന ആശയത്തിന്റെ ഭാഗമായാണ് പ്രദേശത്തെ കർഷകരുടെ കൂട്ടായ്മ പുൽ കൃഷി ആരംഭിച്ചത്.
കിലോക്ക് 3.50 രൂപക്കാണ് ഇവർ കർഷകർക്ക് പുല്ല് വിറ്റിരുന്നത്. വിത്ത് നൽകുന്നത് മിൽമക്കും. എന്നാൽ, വന്യമൃഗങ്ങൾ കാടിറക്കം തുടങ്ങിയത് മുതൽ പുൽവിത്ത് കർഷകരും ദുരിതത്തിലായി. ആറളം ഫാമിൽ തമ്പടിക്കുന്ന കാട്ടാനകൾ രാത്രികാലങ്ങളിൽ തോട്ടത്തിലേക്ക് കയറി നാശം വിതക്കുകയാണ്.
വനംവകുപ്പിനെ വിവരം അറിയിച്ചാൽ ആനമതിൽ പൂർത്തിയായാൽ പരിഹാരമാകുമെന്നാണ് മറുപടി. പ്രശ്നത്തിന് പരിഹാരമാവാത്തതിനൊപ്പം, ഒരു കൂട്ടം ക്ഷീരകർഷകരുടെ അധ്വാനവുമാണ് ഇവിടെ പാഴാകുന്നത്. പുൽകൃഷിക്ക് മേൽനോട്ടം വഹിക്കുന്ന അഫ്സലും ബാബുവും ബാലകൃഷ്ണനും രാജുവുമെല്ലാം ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിസ്സഹായരായി ചോദിക്കുകയാണ്.
മതിയായ നഷ്ടപരിഹാരമെങ്കിലും ലഭിച്ചാൽ ഇവർക്ക് ചെറിയ ആശ്വാസമാകും. പുൽകർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റി വനം വകുപ്പിനോട് ആവശ്യപ്പെട്ടു. ശങ്കർ സ്റ്റാലിൻ, കെ.ബി. ഉത്തമൻ, പി.കെ. സന്തോഷ്, പി.എ. സജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.