മാക്കൂട്ടം ചുരം പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ
text_fieldsഇരിട്ടി: കേരള-കർണാടക അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ കാട്ടനാക്കൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാരെ പരിഭ്രാന്തരാക്കി. ശനിയാഴ്ച പുലർച്ചെ ഏഴോടെയാണ് കാട്ടാനക്കൂട്ടം ഇരിട്ടി-വിരാജ് പേട്ട റൂട്ടിൽ മാക്കൂട്ടത്ത് റോഡ് മുറിച്ചുകടന്നത്.
ബാരാപ്പുഴക്കപ്പുറമുള്ള കേരളത്തിലെ ജനവാസമേഖലയിൽ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ച് കർണാടകയുടെ ഭാഗമായ ബ്രഹ്മഗിരി വനത്തിലേക്ക് കടക്കുന്നതിനിടയിലാണ് റോഡിൽ നിലയുറപ്പിച്ചത്.
എന്നാൽ, അപൂർവമായി മാത്രമേ കാട്ടാനകളെ ഈ റൂട്ടിൽ കണ്ടു വരാറുള്ളൂ. കൊമ്പനും പിടയും കുട്ടിയാനയും ഉൾപ്പെടെയുള്ള സംഘമായാണ് കാട്ടാനകൾ എത്തിയത്.
ഇടതടവില്ലാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന മാക്കൂട്ടം ചുരം പാതയിലാണ് കാട്ടാനകളുടെ സാന്നിധ്യം കണ്ടത്.
ആദ്യം ഒരു കൂട്ടം കാട്ടാനകൾ റോഡിനക്കരെ എത്തിയെങ്കിലും ഇതുവഴി വാഹനങ്ങൾ ഈ സമയം എത്തിയതിനാൽ കുറച്ച് കാട്ടാനകൾ റോഡിനെതിർവശത്ത് തമ്പടിക്കുകയായിരുന്നു. തുടർന്ന് വാഹനം കടന്നുപോകാത്ത സമയം നോക്കി മറ്റ് കാട്ടാനകളും വനത്തിലേക്ക് കയറിപ്പോയി. മാക്കൂട്ടം ചുരം പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് വിരളമായ ഈ കാഴ്ച ഭീതിയുളവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.