വൈദ്യുതി ലൈനിൽ മരം പൊട്ടിവീണു; ഗതാഗതം തടസ്സപ്പെട്ടു
text_fieldsഇരിട്ടി: നേരംപോക്ക് റോഡിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിലേക്ക് മരം പൊട്ടി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
ഇരിട്ടി കോഓപറേറ്റിവ് ബാങ്ക് ഹെഡ് ഓഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്കിന്റെ മുകൾ ഭാഗമാണ് ലൈനിലേക്ക് പൊട്ടിവീണത്. ഇരിട്ടി അഗ്നിരക്ഷാസേന ഏറെനേരം പരിശ്രമിച്ചാണ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടന്ന മരത്തടി മാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചത്.
തിങ്കളാഴ്ച മൂന്നോടെ ആരംഭിച്ച ശക്തമായ മഴയോടൊപ്പം ഉണ്ടായ കാറ്റിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ തേക്ക് മരത്തിന്റെ മുകൾഭാഗം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണത്. വൈദ്യുതി ലൈനിൽ മരത്തടി തൂങ്ങിക്കിടന്നതോടെ വീതികുറഞ്ഞ റോഡിൽ ഗതാഗത തടസ്സം നേരിട്ടു.
ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് സമീപം ആയിരുന്നതിനാൽ ഇവിടെനിന്നും ജീവനക്കാരും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. വൈദ്യുതി ലൈനിന് താഴെ നിർത്തിയിട്ട രണ്ടു കാറുകൾ മുകളിൽ കുടുങ്ങിക്കിടന്ന മരത്തടി മാറ്റുന്നതിന് വിഘാതമായി. ഇതിനിടെ ഉടമയെത്തി കാർ മാറ്റിയ ശേഷമാണ് മരത്തടി ലൈനിൽ നിന്നും മാറ്റാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.