ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്
text_fieldsഇരിട്ടി: മനോഹരമായ ദൃശ്യ വിരുന്നൊരുക്കി വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അകംതുരുത്ത് ദ്വീപ് ടൂറിസം മേഖലയിലെ വികസനത്തിനായി കാത്തിരിക്കുന്നു. മലയോരത്തിന് ഭാവി പ്രതീക്ഷയേകുന്ന പഴശ്ശി പദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്.
പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അകംതുരുത്ത് ദ്വീപ് പ്രകൃതി മനോഹരമാണ്. കൈയേറ്റം ഇല്ലാത്ത പച്ചതുരുത്തായി തലയുയർത്തി നിൽക്കുന്ന ദ്വീപിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഉണ്ടാകേണ്ടത്.
ഇരിട്ടി നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരുത്ത് ദ്വീപ്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട 15 ഏക്കറോളം വരുന്ന ഭൂമി ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്.
സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷി വർഗങ്ങളുടെയും ആയിരക്കണക്കിന് വാവലുകളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. പഴശ്ശി പദ്ധതിയും പെരുമ്പറമ്പ് ഇക്കോ പാർക്കും പടിയൂർ ഇക്കോ ടൂറിസം പദ്ധതിയും വള്ള്യാട്ടെ നഗരവനം പദ്ധതിയും യാഥാർഥ്യമായതോടെ അകംതുരുത്ത് ദ്വീപിന് വലിയ സാധ്യതകളാണുള്ളത്.
നൂറുകണക്കിന് തെങ്ങിൻ തോപ്പുകളുള്ള പ്രദേശം പത്ത് വർഷം മുമ്പുവരെ പഴശ്ശി ജലസേചന വിഭാഗത്തിന് നല്ലൊരു വരുമാന മേഖലകൂടിയായിരുന്നു. ആരും ശ്രദ്ധിക്കാതായതോടെ തെങ്ങുകളെല്ലാം നശിച്ചു.
നടക്കാതെപോയ പദ്ധതികൾ
പേരാവൂരിന്റെ ആദ്യ എം.എൽ.എ കെ.പി. നൂറുദ്ദീൻ വനം മന്ത്രിയായിരുന്നപ്പോൾ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിനായി സജീവമായി പ്രവർത്തനം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ. ശൈലജ എം.എൽ.എ ആയപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല.
ദ്വീപിനെ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഹരിത കേരള മിഷൻ നടത്തിയെങ്കിലും പച്ചതൊട്ടിട്ടില്ല. പച്ചപ്പും കുളിരും നഷ്ടപ്പെടാതെ ദ്വീപിനെ പുറംലോകത്തിന് തനത് രീതിയിൽ പരിചയപ്പെടുത്തുന്ന പദ്ധതിയാണുണ്ടാകേണ്ടത്.
ദ്വീപിന് ചുറ്റുമുള്ള പച്ചമുളക്കൂട്ടങ്ങളും കൂറ്റൻ മരങ്ങളും അപൂർവയിനം സസ്യസമ്പത്തും സംരക്ഷിച്ച് പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ദ്വീപിലേക്ക് നടപ്പാലവും നടവഴിയും ഒരുക്കി പ്രകൃതി നിരീക്ഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനും കാഴ്ചക്കുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് ഉണ്ടാകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.