മത്സ്യവണ്ടിയിൽ മദ്യക്കടത്ത്; രണ്ടുപേർ പിടിയിൽ
text_fieldsഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് വീണ്ടും മദ്യക്കടത്ത്. രണ്ടാഴ്ചക്കിടയിൽ നാലാം തവണയും അതിർത്തി കടന്നെത്തിച്ച കർണാടക മദ്യം കോവിഡ് പരിശോധനക്കിടയിൽ ഇരിട്ടി പൊലീസിെൻറ പിടിയിലായി. മത്സ്യം കടത്തിയ വണ്ടിയിൽ കൊണ്ടുവന്ന 162 ലിറ്റർ മദ്യമാണ് പിടികൂടിയത്. മത്സ്യവണ്ടിയിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. കിളിയന്തറയിലെ കാക്കപൊയിൽ ഹൗസിൽ കെ.എസ്. ശരത്ത് (31), കോടിയേരി കോപ്പാലം സ്വദേശി കേളോത്ത് ഹൗസിൽ ധർമേഷ് (42) എന്നിവരാണ് പിടിയിലായത്. ലോക്ഡൗൺ മറവിൽ, കർണാടകയിൽനിന്ന് വരുന്ന ചരക്ക് വഹനങ്ങളിൽ കേരളത്തിലേക്ക് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു. കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടയിലാണ് കർണാടകയിലേക്ക് മത്സ്യവുമായി പോയി മടങ്ങിയ കണ്ടെയ്നർ വാഹനത്തിൽ മദ്യം കണ്ടെത്തിയത്.
കാലിയായ മത്സ്യ ട്രേകൾ മുകളിൽ നിരത്തിയശേഷം അടിയിൽ മദ്യം നിറക്കുകയായിരുന്നു. രണ്ടാഴ്ചക്കിടയിൽ ഇരിട്ടി പൊലീസ് മൂന്നു തവണയും എക്സൈസ് ഒരുതവണയും ചരക്കുവാഹനങ്ങളിൽനിന്ന് മദ്യം പിടികൂടിയിരുന്നു. നേരത്തെ ഇരുചക്ര വാഹനങ്ങളും യാത്രാവാഹനങ്ങളുമായിരുന്നു മദ്യക്കടത്തിനായി ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.