മകൾക്ക് അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ട് വയോദമ്പതികൾ
text_fieldsഇരിട്ടി: പ്രായപൂര്‍ത്തിയായ മകളെ പ്ലാസ്റ്റിക് കൂരയില്‍നിന്ന് അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറ്റാന്‍ കൊതിച്ച് മാതാപിതാക്കള്‍. തില്ലങ്കേരി പള്ള്യത്തെ വയോധികരായ വിജയന്-കാര്‍ത്യായനി ദമ്പതികളാണ് പ്ലാസ്റ്റിക് കൂരയില്‍നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നത്. തില്ലങ്കേരി പഞ്ചായത്തിലെ 11ാം വാര്‍ഡ് പള്ള്യത്തെ പൊളിഞ്ഞു വീഴാറായ കൂരയിലാണ് 20 വയസുകാരിയായ മകള്‍ക്കൊപ്പം ഇവരുടെ താമസം. 35 വര്‍ഷത്തിലധികമായി ഇവര്‍ താമസിച്ച വീട് കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണ്.
ഇതോടൊപ്പം ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന ജനപ്രതിനിധികളുടെ വാക്കുകേട്ട് പുതിയ വീട് വെക്കാന്‍ കട്ടപ്പുര പൊളിച്ച് മാറ്റുകയും ചെയ്തു. ഇതിന് സമീപത്ത് തന്നെ പ്ലാസ്റ്റിക് ഷെഡ് കെട്ടി വീടിന്റെ നിര്‍മാണ പ്രവര്‍ത്തിയും ആരംഭിച്ചു.
തറയുടെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോഴാണ് 25 സെന്റില്‍ കൂടുതല്‍ സ്ഥലം ഉള്ളവരെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവില്ലെന്ന വിവരം ലഭിച്ചത്. ഇവര്‍ക്ക് 35 സെന്റ് സ്ഥലം ഉണ്ട്. അതിനാല്‍ ആ മാനദണ്ഡം ഇവരുടെ വീടെന്ന സ്വപ്നം അസ്ഥാനത്താക്കുകയായിരുന്നു. പകുതി സ്ഥലം വില്‍ക്കാമെന്ന് കരുതിയാല്‍ റോഡരിക് അല്ലാത്തത് കൊണ്ട് ആരും വാങ്ങാനും തയ്യാറാവില്ല.
കൂലിപ്പണി ചെയ്താണ് ഇരുവരും ജീവിച്ച് വന്നതെങ്കിലും വാര്‍ധക്യത്തിലെത്തിയതോടെ ഇവര്‍ക്ക് പണിയെടുക്കാനുള്ള ആരോഗ്യം ഇല്ല. ഇവരുടെ ഏക പ്രതീക്ഷ 20 വയസുള്ള മകളുടെ പഠനവും ജോലിയുമാണ്. ഷെഡിനകത്തിരുന്നാണ് മകളുടെ പഠനം. മഴ പെയ്യുമ്പോള്‍ പുസ്തകങ്ങള്‍ പോലും നനയാതെ സൂക്ഷിക്കാന്‍ പെടാപാട് പെടുകയാണ്. ഭവന വായ്പക്ക് മുട്ടാത്ത വാതിലുകളില്ല. തറയില്‍ ഒതുങ്ങുമോ വീടെന്ന സ്വപ്നം എന്ന ആശങ്കയിലാണ് ഈ മാതാപിതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.