വനാതിർത്തിയിൽ സുമനസ്സുകളെ കാത്ത് വയോദമ്പതികൾ
text_fieldsഇരിട്ടി: നാട് ഉരുൾപൊട്ടൽ ഭീതിയിൽ വിറങ്ങലിക്കുമ്പോൾ മലയോര പഞ്ചായത്തായ അയ്യൻകുന്ന് പാലത്തുംകടവിൽ പൊട്ടിച്ചപാറയിലെ വനാതിർത്തിയിൽ ഒറ്റപ്പെട്ടുകഴിയുന്ന വയോദമ്പതികൾ സുമനസ്സുകളുടെ സഹായം തേടുന്നു. അഞ്ചുവർഷമായി തളർന്നുകിടക്കുന്ന, 96 വയസ്സുള്ള കന്നലിക്കാട്ട് ജോർജും അദ്ദേഹത്തെ സംരക്ഷിച്ച് ഒറ്റപ്പെട്ട വനമേഖലയിൽ കഴിയുന്ന ഭാര്യ റോസ (84)യുമാണ് സുരക്ഷിത വാസത്തിനായി കേഴുന്നത്. കോരിച്ചൊരിയുന്ന മഴയിൽ ഏതു നിമിഷവുമുണ്ടായേക്കാവുന്ന അപകടത്തെ മുന്നിൽ കണ്ടാണ് ഇവർ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്.
ഏകദേശം 50 വർഷങ്ങൾക്ക് മുമ്പാണ് കുറവലങ്ങാടുനിന്നും പാലത്തുംകടവ് മേഖലയിലേക്ക് കുടിയേറിയ കുടുംബം പൊട്ടിച്ചപാറയിൽ സ്ഥിരതാമസമാക്കുന്നത്. പാലത്തുംകടവിൽനിന്നും രണ്ടര കിലോമീറ്റർ ചെങ്കുത്തായ മലയിലൂടെ, നടന്നുകയറാൻ പോലും ബുദ്ധിമുട്ടുന്ന വഴികളിലൂടെ വേണം ഇവർ ഇപ്പോൾ കഴിയുന്ന മകളുടെ വീട്ടിലെത്താൻ. വനാതിർത്തിയോട് 10 മീറ്റർ മാത്രം വ്യത്യാസത്തിലുള്ള ഈ വീടുപോലും പാലത്തുംകടവ് ഇടവക നിർമിച്ചുനൽകിയതാണ്. വനത്തോട് ചേർന്നുകിടക്കുന്ന അരയേക്കർ സ്ഥലവും കാടുപിടിച്ചുകിടക്കുകയാണ്. വന്യമൃഗ ഭീഷണിയുമുണ്ട്. പഴയ വീട് കാലപ്പഴക്കത്തിൽ തകർന്നതോടെയാണ് പള്ളി നിർമിച്ചുനൽകിയ മകളുടെ വീട്ടിലേക്ക് മാറിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് റേഷനും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്നത്. ആദ്യകാലങ്ങളിൽ 30ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ രണ്ട് കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കനത്ത മഴപെയ്യുന്ന ഇവിടെ പുറംലോകവുമായി ബന്ധപ്പെടാൻ മൊബൈൽ നെറ്റ്വർക്ക് പോലുമില്ല. തനിച്ചുകഴിയുന്ന ഇവർക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പുറംലോകം അറിയാത്ത സാഹചര്യമാണ്. ഇവരെ യാത്രാസൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ. പഞ്ചായത്തിന്റെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് സർക്കാറിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെ വാർഡ് അംഗം ബിജോയി പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇപ്പോൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.