സുമനസ്സുകളുടെ സഹായം കാത്ത് ആൻറണിയും കുടുംബവും
text_fieldsഇരിട്ടി: ഗൃഹനാഥന്റെ അർബുദരോഗ ചികിത്സ പണമില്ലാത്തതിനാൽ മുടങ്ങിയതിനെ തുടർന്ന് സുമനസ്സുകളുടെ സഹായത്തിന് കാത്തുനിൽക്കുകയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വയലിൽ പറമ്പിൽ ആൻറണിയും കുടുംബവും.
കൊട്ടിയൂർ നെല്ലിയോടിയിലെ താമസക്കാരായിരുന്ന വയലിൽപറമ്പിൽ ആന്റണിയും കുടുംബവും ആനത്താര പദ്ധതിയുടെ ഭാഗമായി തങ്ങൾ താമസിച്ചിരുന്ന 50 സെൻറ് സ്ഥലം വിട്ടുകൊടുത്ത് മല ഇറങ്ങിയതാണ്. അന്തിയുറങ്ങാൻ ഒരു വീടില്ലാതെ ഇനി എങ്ങോട്ടു പോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് കരിക്കോട്ടക്കരിയിലെ ഫിലിപ്പ് മാത്യു അഞ്ചു സെൻറ് സ്ഥലവും ഒറ്റമുറി വീടും നൽകിയത്.
രണ്ടുവർഷമായി ഇവർ ഇവിടെ കഴിയുകയാണ്. ഇതിനിടയിലാണ് കൂലിപ്പണിക്കാരനായ ആൻറണിക്ക് അർബുദരോഗം പിടിപെടുകയും അഞ്ചുതവണ റേഡിയേഷൻ ചെയ്യുകയും ചെയ്തത്. തുടർചികിത്സയുടെ ഭാഗമായി കീമോതെറപ്പിയും അതുകഴിഞ്ഞ് ഓപറേഷനും ചെയ്യേണ്ടതുണ്ട്.
എന്നാൽ, മരുന്നു വാങ്ങാൻപോലും പണമില്ലാതെ ഒറ്റമുറി വീട്ടിലെ കട്ടിലിൽ വേദനയും സഹിച്ച് കിടക്കുകയാണ് ആന്റണി. വീട്ടുജോലികൾക്ക് പോയിക്കൊണ്ടിരിക്കുന്ന ഭാര്യ മിനി ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് കാലിന് പരിക്കേറ്റ് മറ്റു ജോലികൾക്ക് പോകാൻപോലും കഴിയാത്ത സ്ഥിതിയിലും.
എട്ടു വയസ്സുള്ള സംസാരശേഷിയില്ലാത്ത മകളും പത്താം ക്ലാസിൽ പഠിക്കുന്ന മറ്റൊരു മകളുമാണുള്ളത്. ഇവർ താമസിക്കുന്ന വീട്ടിലേക്ക് നടന്നുപോകാൻപോലും വഴിയില്ല. ചോർന്നൊലിക്കുന്ന തേക്കാത്ത ഒറ്റമുറി വീട്ടിലാണ് ഇവരെല്ലാവരും കഴിഞ്ഞുപോകുന്നത്.
തുടർചികിത്സയും മക്കളുടെ പഠനവും വീട്ടുചെലവുമെല്ലാം ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നത് ചോദ്യചിഹ്നമായി കിടക്കുന്നു. സുമനസ്സുകൾ ആരെങ്കിലും സഹായിക്കും എന്ന ഉറച്ച വിശ്വാസവും ഈ കുടുംബത്തിനുണ്ട്. ഈ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർ ആൻറണിയുടെ മകൾ വി.എ. മേരിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ അയക്കാൻ താൽപര്യം.
കേരള ഗ്രാമീൺ ബാങ്ക്
A/C 40489101007569 IFSc code:KLGB 0040489
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.