അധികൃതർ അറിയാൻ... മേൽക്കൂര നോക്കി അന്തിയുറങ്ങുന്നത് നാലംഗ കുടുംബം
text_fieldsഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വാർഡ് 15ൽ വിളക്കോടിന് അടുത്ത വെണ്ടേക്കുംചാലിൽ പൊളിഞ്ഞു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിൽ അന്തിയുറങ്ങുന്നത് കല്ലുഅമ്മയും മകളും കുട്ടികളുമടക്കം നാലംഗ കുടുംബം. വയോധികയായ 80കാരി കല്ലുഅമ്മക്ക് കൂട്ട് മകളും രണ്ട് ചെറുമക്കളുമാണ്. 50 വർഷത്തിലേറെ പഴക്കമുളള വീട് ഏതുനിമിഷവും നിലം പൊത്തിയേക്കാവുന്ന അവസ്ഥയിലാണ്. ഇടിഞ്ഞുവീഴാറായ വീടിനുപകരം പുതിയ വീടിനായി മകൾ രജനി കയറിയിറങ്ങാത്ത ഓഫിസുകളില്ല.
കല്ലുഅമ്മക്ക് ഒപ്പമുണ്ടായിരുന്ന മകൻ രഞ്ജിത്ത് (40) കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് മകളും കുടുംബവും സഹായത്തിന് എത്തിയത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന വീട്ടിൽ പഠിക്കുന്ന രണ്ടുകുട്ടികളുമായി അമ്മക്ക് കൂട്ടിരിക്കുകയാണ് മകൾ. കല്ലുഅമ്മയുടെ ഭർത്താവും ഏഴു മക്കളിൽ നാലുപേരും ഒടുവിൽ മകൻ കൂടി മരണപ്പെട്ടതോടെ തനിച്ചായ അമ്മക്ക് സുരക്ഷിതമായ ഒരു വീടിനുവേണ്ടിയാണ് മകളുടെ പോരാട്ടം. വർഷങ്ങൾ പഴക്കമുളള ഇടിഞ്ഞുവീഴാറായ തറവാട് വീടും 24 സെന്റ് സ്ഥലവും ഉപേക്ഷിച്ച് കല്ലു അമ്മ എവിടേക്കും പോകാൻ തയാറാകാതെ വന്നതോടെ മകൾ രജനിയും കുടുംബവും കഴിഞ്ഞ രണ്ട് വർഷമായി അമ്മക്ക് ഒപ്പമാണ്. ചോർച്ച തടയാൻ ഓടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിലാണ് താമസം. ചിതൽ കയറി മേൽക്കൂര അടർന്നുവീണു തുടങ്ങിയ നിലയിലാണ്.
പഞ്ചായത്തിൽ കയറി ഇറങ്ങിയിട്ടും യാതൊരു തീരുമാനവും ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ബന്ധപ്പെട്ട പഞ്ചായത്തിലേക്ക് അപേക്ഷ കൈമാറിയെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്. തുടർന്ന് വനിത കമീഷനിൽ പരാതി നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഇതിന് ചില നിയമ കുരുക്കുകൾ ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. രഞ്ജിത്തിന്റെ പേരിലുള്ള 24 സെന്റിൽ കല്ലുഅമ്മക്ക് എങ്ങനെ വീട് അനുവദിക്കുമെന്നതാണ് പഞ്ചായത്തിന്റെ നിയമപ്രശ്നം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ശോചനീയാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല. മഴ പെയ്താൽ ഇവിടെ ചോർന്നൊലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.