ഇരിട്ടി പഴയപാലം ശുചീകരിച്ച് ഓട്ടോതൊഴിലാളികൾ
text_fieldsഇരിട്ടി: പുതിയപാലം വന്നതോടെ ആരും തിരിഞ്ഞുനോക്കാതെ അപകടാവസ്ഥയിലായ പഴയപാലം ഇരിട്ടിയിലെ ഓട്ടോതൊഴിലാളികൾ ശുചീകരിച്ചു.
പുതിയപാലം പ്രാവർത്തികമാകുന്നതോടെ ഇരിട്ടിയുടെ മുഖമുദ്രയായ ഒമ്പത് പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന പഴയപാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പി അധികൃതരും വ്യക്തമാക്കിയിരുന്നെങ്കിലും ഉറപ്പെല്ലാം പാഴായി.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഓവുകൾ അടഞ്ഞ് ചളിവെള്ളം കെട്ടിനിന്നും കാടുകൾ വളർന്നും കാൽനടക്കാർക്കും വാഹനങ്ങൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിലാണ് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ സംയുക്തമായി പാലം ശുചീകരിക്കാൻ രംഗത്തിറങ്ങിയത്. ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളും മറ്റു വാഹനങ്ങളും പഴയപാലം വഴിയാണ് പോകുന്നത്.
ടൗണിലെ തിരക്ക് കുറക്കുന്നതിനും ഇത് സഹായകരമാകുന്നു. തന്തോട്, പെരുമ്പറമ്പ് ഭാഗങ്ങളിലെ കാൽനടക്കാർ ഇരിട്ടിയിലേക്കും തിരിച്ചും പോകാൻ ഉപയോഗിക്കുന്നത് ഈ പാലമാണ്.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതുമൂലം പാലത്തിന്റെ ഇരുമ്പ് പാളികളെല്ലാം തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. പാലത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് മേലാപ്പുകളിൽ പലതും പൊട്ടിത്തകർന്നു.
സംരക്ഷിക്കാൻ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ 1933ൽ ബ്രിട്ടീഷുകാർ പണിത ചരിത്ര നിർമിതി ഓർമ മാത്രമാകാനാണിട. ശനിയാഴ്ച നടന്ന ശുചീകരണ പ്രവൃത്തിക്ക് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളായ കെ.എം. രാജീവൻ, സുരേന്ദ്രൻ അത്തിക്ക, മനോജ് വിളമന, ചന്ദ്രൻ പുത്തലത്ത്, പ്രസാദ് കൂലോത്ത്, പി. വിജേഷ്, പ്രേമൻ വിളമന, ഉണ്ണി പുതുശ്ശേരി, എം. വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.