അയ്യൻകുന്ന് പഞ്ചായത്തിൽ ആകെ നാലു ജീവനക്കാർ; പ്രവർത്തനം താളം തെറ്റുന്നു
text_fieldsഇരിട്ടി: യു.ഡി.എഫ് ഭരിക്കുന്ന മലയോര പഞ്ചായത്തായ അയ്യൻകുന്നിൽ ജീവനക്കാർക്ക് ഇരിപ്പുറക്കുന്നില്ല. സ്ഥലം മാറി പോകുന്ന ജീവനക്കാർക്ക് പകരം നിയമനം നടത്താൻ ബന്ധപ്പെട്ടവരും തയാറാകാത്തതോടെ ഭരണ സംവിധാനം ദുരിതത്തിൽ. 12 ജീവനക്കാരിൽ എട്ടുപേരെയും സർക്കാർ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിട്ട് മാസങ്ങളായി. മൂന്ന് വർഷത്തിനിടയിൽ ആറു സെക്രട്ടറിമാർ വന്നുപോയി.
ഇപ്പോൾ വിസിറ്റിങ് പ്രഫസറെപോലെ സെക്രട്ടറിയുടെ ചുമതല പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ്. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ദൂരം 20 കിലോമീറ്ററോളം വരും. ഈ പഞ്ചായത്തിൽനിന്ന് മറ്റേ പഞ്ചായത്തിലെത്തണമെങ്കിൽ മണിക്കൂറുകൾ വേണം. അസിസ്റ്റന്റ് സെക്രട്ടറിയുണ്ടെങ്കിലും പകരം ചുമതല നൽകിയിട്ടില്ല.
സമീപ പഞ്ചായത്തുകളായ ആറളത്തെയും പായത്തെയും സെക്രട്ടറിമാർക്ക് പകരം ചുമതല നൽകാതെ കിലോമീറ്ററുകളോളം അകലെയുള്ള പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ചുമതല നൽകിയിരിക്കുന്നത്. പഞ്ചായത്തിൽ ഇപ്പോൾ പ്രധാനപ്പെട്ട എട്ട് തസ്തികകൾ ആളില്ല കസേരകൾ മാത്രമാണ്. ഈ ആളില്ലാ കസേരകളിൽ പ്രതിഷേധ സൂചകമായി യു.ഡി.എഫ് അംഗങ്ങളുടെ പാവ പ്രതിഷേധം ശ്രദ്ധ പിടിച്ചിരുന്നു. സെക്രട്ടറിക്ക് പുറമെ, മൂന്ന് സീനിയർ ക്ലർക്കിന്റെയും ഓഫിസ് അസിസ്റ്റന്റ്, ഹെഡ് ക്ലർക്ക്, അക്കൗണ്ടന്റ്, ഓവർസിയർ എന്നിവയിൽ ഒന്ന് വീതം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു അസിസ്റ്റന്റ് സെക്രട്ടറിയും മൂന്ന് എൽ.ഡി ക്ലർക്കുമാരുമാണ് ഇപ്പോൾ ഓഫിസിലുള്ളത്. ജില്ലയിലെ വിസ്തൃതമായ പഞ്ചായത്തുകളിലൊന്നാണ് അയ്യൻകുന്ന്. ജീവനക്കാരുടെ കുറവ് മൂലം പദ്ധതി നിർവഹണം ആകെ താളം തെറ്റിയിരിക്കുകയാണ്.
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് യഥാസമയം പണം ലഭ്യമാക്കാൻ സാധിക്കുന്നില്ല. ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകളും ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും മറ്റും പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ഛൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ നിയമനം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിൽ ഭരണ സ്തംഭനം ആരോപിച്ച് എൽ.ഡി.എഫിന്റെ മൂന്ന് അംഗങ്ങൾ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. എൽ.ഡി.എഫ് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സിബി വാഴക്കാല, ഷൈനി വർഗീസ് എന്നിവരെ കരിക്കോട്ടക്കരി എസ്.ഐ പ്രഭാകരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.