നീരൊഴുക്ക് കുറഞ്ഞു: ബാരാപോളിൽ വൈദ്യുതി ഉൽപാദനം നിർത്തി
text_fieldsഇരിട്ടി: കടുത്ത ചൂടിൽ ജലനിരപ്പ് താഴ്ന്ന് പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ കൂട്ടുപുഴ ബാരപോൾ മിനി ജല വൈദ്യുതി പദ്ധതി വഴിയുള്ള വൈദ്യുതി ഉൽപാദനം പൂർണമായും നിലച്ചു. സോളാർ പദ്ധതിയിലൂടെ മാത്രമായി പ്രതിദിനം 15000 യൂനിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്.
ജില്ലയിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതിയായ ബാരാപോളിൽ ഈ സീസണിൽ 28.68 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ജലവൈദ്യുതി പദ്ധതി വഴി ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ സാധിച്ചത്. കാലവർഷത്തിലെ പ്രതികൂല സാഹചര്യവും ഒരു ജനറേറ്ററിെൻറ സാങ്കേതിക തകരാറുമാണ് ബാരാപോളിൽ ഉൽപാദനം കുറയാൻ കാരണമായത്.
36 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയിൽനിന്നും 2017-18 വർഷ കാലയളവിൽ ഏറ്റവും കൂടിയ ഉൽപാദനമായ 40.5 യൂനിറ്റാണ് വൈദ്യുതി ലഭിച്ചത്. മൂന്ന് ജനറേറ്ററുകളും പൂർണ തോതിൽ പ്രവർത്തനം കൈവരിക്കാൻ കഴിഞ്ഞാൽ ഈ നേട്ടം നിലനിർത്താനുകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നു. ജലലഭ്യത ഇല്ലാത്ത സാഹചര്യത്തിലും 365 ദിവസവും വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട് കനാലിനു മുകളിലൂടെ സ്ഥാപിച്ച 4.3 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സോളാറിൽ നിന്നും പ്രതിദിനം 15000 യൂനിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. ഇവിടെനിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി കുന്നോത്ത് സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം നടത്തുന്നത്.
ബാരാപോൾ പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ പദ്ധതി പ്രദേശത്ത് ഇപ്പോൾ അറ്റകുറ്റപ്പണികൾ നടന്നുവരുകയാണ്. കാലവർഷത്തിനു മുേമ്പ ബാരാപോൾ പദ്ധതി പ്രദേശത്തെ പെൻ സ്റ്റോക്ക് പൈപ്പിന് സമീപത്തായി അടിഞ്ഞു കൂടിയ മാലിന്യങ്ങളും മണ്ണും ചളിയും ഉൾപ്പെടെ നീക്കം ചെയ്യുന്ന പ്രവൃത്തിയും ഇതോടൊപ്പം നടന്നുവരുകയാണ്. അതേസമയം, സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയുള്ള കനാലിലെ ചോർച്ച ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നിശ്ചിത ഭൂമി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.