മഴ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും; ഉൽപാദന ലക്ഷ്യത്തിലെത്താതെ ബാരാപോൾ
text_fieldsഇരിട്ടി: മഴ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും മൂലം ഉൽപാദന ലക്ഷ്യത്തിലെത്താൻ കഴിയാതെ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി. കഴിഞ്ഞ വർഷങ്ങളിൽ നൂറുശതമാനം ഉൽപാദന ലക്ഷ്യം കൈവരിച്ചിരുന്ന പദ്ധതിയാണ് ഇത്തവണ ലക്ഷ്യത്തിൽ എത്താതെ വന്നത്. കർണാടക വനമേഖലയിൽ മഴ കുറഞ്ഞതോടെ ബാരാപോൾ പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറയുകയും വൈദ്യുതി ഉൽപാദനം കുറയുകയുമായിരുന്നു.
ബാരാപോളിൽ ഈ വർഷം വൈദ്യുതി ഉൽപാദനം 36 ദശലക്ഷം യൂനിറ്റായിരുന്നു. ഉൽപാദന ലക്ഷ്യത്തേക്കാൾ 2.18 ദശലക്ഷം യൂനിറ്റ് വൈദ്യുതി കുറഞ്ഞു. 33.82 ദശലക്ഷം യൂനിറ്റാണ് മൊത്തം ഉൽപാദനം.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉൽപാദനം 42 ദശലക്ഷം യൂനിറ്റായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ പദ്ധതിയിലെ ഉൽപാദനം 8.2 ദശലക്ഷം യൂനിറ്റ് കുറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കനാലിൽ അനുഭവപ്പെട്ട ചോർച്ച കാരണം സമീപത്തെ വീടുകൾ അപകട ഭീഷണിയിലായതോടെ നാട്ടുകാർ ഇടപെട്ട് ഉൽപാദനം നിർത്തിവെപ്പിച്ചതും ഉൽപാദനത്തിലെ കുറവിന് കാരണമാണെന്നാണ് വിലയിരുത്തൽ. മൂന്ന് ജനറേറ്ററുകളിൽ ഒന്നിന് മാത്രം 16 മണിക്കൂർ പ്രവർത്തിക്കാനുള്ള നീരൊഴുക്കാണ് പുഴയിൽ ലഭ്യമായിരിക്കുന്നത്. ഫോർവേ ടാങ്കിൽ ജലം ശേഖരിച്ച ശേഷമാണ് ഉൽപാദനം ക്രമീകരിക്കുന്നത്. അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ജനറേറ്ററിൽ രണ്ട് മെഗാവാട്ട് മാത്രമാണ് ഉൽപാദനം നടക്കുന്നത്.
പുഴയിൽനിന്നും ഫോർവേ ടാങ്കിലേക്ക് വെള്ളം ഒഴുകിയെത്തുന്ന കനാലിന്റെ ചോർച്ചയെക്കുറിച്ച് പഠനം നടത്താൻ ഡൽഹി ആസ്ഥാനമായ പാഴ്സൺ കമ്പനിയുടെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്തെത്തി പഠനം ആരംഭിച്ചു. പ്രധാനമായും മണ്ണിന്റെ ഘടനയെക്കുറിച്ചാണ് ഇവരുടെ പഠനം.
ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി കമ്പനി കെ.എസ്.ഇ.ബിക്ക് റിപ്പോർട്ട് സമർപ്പിക്കും. പാഴ്സൺ കമ്പനി സമർപ്പിക്കുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കനാലിൽ നടത്തേണ്ട നിർമാണ പ്രവൃത്തിയെക്കുറിച്ച് അടുത്ത ഘട്ട തീരുമാനമെന്ന് കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ (കൺസ്ട്രക്ഷൻ നോർത്ത്) ഹരിദാസ് പറഞ്ഞു.
ഫോർവേ ടാങ്കിൽ ജലം സംഭരിക്കുന്നതോടെ കുറ്റ്യാനിക്കൽ ബിനോയിയുടെ വീടും പരിസരവും വീണ്ടും വെള്ളം നിറയുന്നതിനാൽ കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
പാഴ്സൺ കമ്പനി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ജോലികൾ പൂർത്തിയാക്കുമ്പോൾ കനാലിലെ ചോർച്ച പരിഹരിക്കുന്നതോടൊപ്പം വീടിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.