ബാവലി പുഴ രണ്ടായിപ്പിരിഞ്ഞ് തുരുത്ത്; പുഴയോരത്ത് ആശങ്ക
text_fieldsഇരിട്ടി: ഉരുൾപൊട്ടലിനെത്തുടർന്ന് പുഴയിൽ അടിഞ്ഞ മണലും കല്ലും മറ്റ് അവശിഷ്ടങ്ങളും നീക്കാഞ്ഞതിനെ തുടർന്ന ബാവലി പുഴയുടെ പയഞ്ചേരി മുടച്ചാൽ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞ് തുരുത്ത് രൂപംകൊണ്ടതോടെ മുടച്ചാൽ ഭാഗത്ത് വൻ കരയിടിച്ചിൽ. രണ്ടുവർഷം മുമ്പാണ് ഒരേ പാതയിൽ ഒഴുകിക്കൊണ്ടിരുന്ന പുഴ രണ്ടായി പിരിഞ്ഞത്.
പുഴയുടെ മധ്യഭാഗത്തോട് ചേർന്ന ആദ്യം കല്ലും മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് ചെറിയ തുരുത്ത് രൂപംകൊള്ളുകയായിരുന്നു. പിന്നീടുണ്ടായ രണ്ട് കാലവർഷ സമയത്തും പുഴ രണ്ടായിപ്പിരിഞ്ഞ് ഒഴുകാൻ തുടങ്ങി.
രണ്ടുവർഷംകൊണ്ട് തുരുത്തിന്റെ വിസ്തൃതി കൂടി വലിയ പുഴസസ്യങ്ങൾ വളരുകയും ചെയ്തു. മുടച്ചാൽ ഭാഗത്ത് കുത്തൊഴുക്ക് കൂടിയതോടെയാണ് കരയിടിച്ചിൽ വ്യാപകമായത്. മുടച്ചാൽ ഭാഗത്ത് ഒരു കിലോമീറ്റർ ദൂരത്തിലാണ് വൻതോതിൽ കരയിടിഞ്ഞത്.
രണ്ടുവർഷംകൊണ്ട് മൂന്നേക്കറോളം സ്ഥലം ഇതുവഴി പുഴയെടുത്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിഭൂമിക്കൊപ്പം വീടുകളും അപകടഭീഷണിയിലാകാൻ തുടങ്ങിയിട്ടുണ്ട്.
പ്രളയകാലത്ത് ഇവിടങ്ങളിൽ വെള്ളം കയറിയിരുന്നെങ്കിലും മറ്റ് പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. കരയിടിച്ചിൽ രൂക്ഷമായതോടെ പലരുടെയും വീടുകൾ വൈകാതെ അപകടഭീഷണിയിലാകും.
അഞ്ചാംകുടി നാരായണൻ, കിഴക്കേടത്ത് സിമ്മി പോൾ, വയലാൻ സത്യൻ, ലക്ഷ്മണൻ എഴുത്തൻ, അരക്കൻ പ്രകാശൻ, പാല കൃഷ്ണൻ, പാല ദിനേശൻ, ശ്രീലേഷ് എന്നിവരുടെ കൃഷിയിടങ്ങളും വീടുകളുമാണ് ഭീഷണിയിലായത്. ഓരോ വർഷം കഴിയുന്തോറും തുരുത്തിന്റെ നീളവും വിസ്തൃതിയും വർധിക്കുകയാണ്.
നേരത്തെ ഒഴുകിക്കൊണ്ടിരുന്ന രീതിയിലേക്ക് പുഴയെ മാറ്റാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തുരുത്തിൽ അടിഞ്ഞ കല്ലും മണലും മാറ്റിയാൽതന്നെ കരയിടിച്ചിലിന് പരിഹാരം ഉണ്ടാകും.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എളുപ്പത്തിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി. വർഷങ്ങളായി കായ്ഫലം നൽകിയിരുന്ന കൂറ്റൻ തെങ്ങുകൾ കരയിടിഞ്ഞ് നശിച്ചു. അവശേഷിക്കുന്നവ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.