വലിയ തോടിന് വലിയ പാലം വേണം
text_fieldsഇരിട്ടി: നഗരസഭയിലെ കട്ടേങ്കണ്ടം-വട്ടക്കയം വാർഡുകളെ ബന്ധിപ്പിക്കുന്ന വലിയ തോടിനു കുറുകെയുള്ള ചെറിയ പാലത്തിനു പകരം വലിയ പാലം എന്ന കുറുവേരി നിവാസികളുടെ ആവശ്യത്തിന് ഏറെനാളത്തെ പഴക്കമുണ്ട്. 30 വർഷത്തിലധികം പഴക്കമുള്ള വീതികുറഞ്ഞ ജീപ്പ് പാലം മാറ്റി വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ പറ്റുന്ന പുതിയ പാലം വേണമെന്ന ആവശ്യമാണ് കുറുവേരിവാസികൾ ഒറ്റക്കെട്ടായി അധികൃതരോട് ഉന്നയിക്കുന്നത്.
പേരാവൂർ നിയോജക മണ്ഡലത്തിൽ ഇരിട്ടി നഗരസഭയിലെ കട്ടേങ്കണ്ടം-വട്ടക്കയം വാർഡുകളെ ബന്ധിപ്പിക്കുന്ന ഈയൊരു ജീപ്പ് പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലുമാണ്. വാഹനങ്ങളിടിച്ച് പാലത്തിന്റെ കൈവരികൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. തൂണുകൾക്കാകട്ടെ ബലക്ഷയവും സംഭവിച്ചു.
വളോര, ചാവശ്ശേരി എന്നിവിടങ്ങളിൽനിന്ന് കട്ടയംകണ്ടം, കുറുവേരി വഴി ആക്കാൻപറമ്പ്, പഴശ്ശി ഡാം, എടക്കാനം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താൻ സാധിക്കുന്നതാണ് ഈ റോഡ്. പക്ഷേ, വലിയ വാഹനങ്ങൾ ഇവിടെ എത്തിയാൽ തിരിച്ചുപോകേണ്ട സ്ഥിതിയാണ്. കുറുവേരി മേഖലയിൽ നൂറുകണക്കിന് വീടുകളുമുണ്ട്.
കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള ബസുകൾക്ക് ഉൾപ്പെടെ ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. മറ്റ് പലവിധ ആവശ്യങ്ങൾക്ക് ബസും ലോറിയും എത്തണമെങ്കിൽ കിലോമീറ്ററോളം ചുറ്റി വട്ടക്കയം വഴി വേണം ഈ മേഖലയിലെത്തിച്ചേരാൻ . അതിനാൽ തന്നെ ഇവിടെ വലിയ ഒരു പാലം അനിവാര്യമാണെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.
വർഷകാലത്തിൽ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതും യാത്രക്ലേശത്തിന് കാരണമാകുന്നുണ്ട്. സ്ഥലം എം.എൽ.എയും നഗരസഭ അധികൃതരും നാട്ടുകാരുടെ ന്യായമായ ആവശ്യത്തെ അവഗണിക്കില്ല എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.