ഉളിയിൽ പടിക്കച്ചാലിൽ രാത്രികാലങ്ങളിൽ ബോംബ് സ്ഫോടനം പതിവാകുന്നു
text_fieldsഇരിട്ടി: ഉളിയിൽ പടിക്കച്ചാൽ മേഖലയിൽ ബോംബ് സ്ഫോടനം. കഴിഞ്ഞ ദിവസം രാത്രിയും പടിക്കച്ചാൽ സ്കൂളിനു സമീപം റോഡിൽ ബോംബ് സ്ഫോടനമുണ്ടായി. പൊട്ടിത്തെറിച്ചതിന്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങൾ റോഡരികിൽനിന്ന് കണ്ടെടുത്തു.
ഒരാഴ്ചയായി പ്രദേശത്ത് രാത്രിയിൽ സ്ഫോടനം നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. നിരവധി തവണ രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറിയ സ്ഥലമാണിത്. രാഷ്ട്രീയ പ്രതിയോഗികളെ പരസ്പരം ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോംബ് പരീക്ഷണമെന്നാണ് നിഗമനം.
സ്കൂളിനു സമീപംപോലും സ്ഫോടനം നടന്നതും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതും രക്ഷിതാക്കൾക്കിടയിലും ഭയാശങ്കക്കിടയാക്കിയിട്ടുണ്ട്. പ്രദേശത്ത് പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, മുഴക്കുന്ന് സി.ഐ ഷിബു എസ്. പോൾ തുടങ്ങിയവർ പരിശോധന നടത്തി. തുടരെയുണ്ടാകുന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാത്രി കാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അടിയന്തര നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പടിക്കച്ചാൽ പ്രദേശത്ത് നിരന്തരം ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ തില്ലങ്കേരി നോർത്ത് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
പടിക്കച്ചാൽ പ്രദേശത്ത് തുടരെയുണ്ടാക്കുന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് പടിക്കച്ചാൽ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ പരിസരംപോലും ബോംബ് പരീക്ഷണത്തിന് വേദിയാക്കുന്നത് ഗൗരവകരമാണെന്നും രാത്രികാല പൊലീസ് പരിശോധന ശക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇ.വി. ലിജീഷ്, റഈസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.