എല്ല് സംസ്കരണ ഫാക്ടറി: പ്രതിഷേധവുമായി നാട്ടുകാർ
text_fieldsഇരിട്ടി: വെളിയമ്പ്ര എലിപ്പറമ്പ് നിവാസികളെ ദുരിതത്തിലാക്കി ദുർഗന്ധം വമിച്ച് പ്രവർത്തിച്ച എല്ല് സംസ്കരണ ഫാക്ടറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇതേത്തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര പെരിയത്തിൽ എലിപ്പറമ്പിലാണ് എല്ല് സംസ്കരണ ഫാക്ടറി ഒരു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചത്.
മൃഗങ്ങളുടെ എല്ലുകൾ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് ഇവിടെ എത്തിച്ച് അവ പുഴുങ്ങി പൊടിച്ച് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഫാക്ടറി ആരംഭിച്ചത്. സംസ്കരണത്തിന്റെ ഭാഗമായി ഇവിടെ കൊണ്ടുവന്ന എല്ലുകളും മാംസഭാഗങ്ങളും ദുർഗന്ധം വമിച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കൽ പതിവായി.
ഇതോടെയാണ് പ്രതിഷേധം ഉയർന്നത്. ദുർഗന്ധം മൂലം വീട്ടിൽനിന്ന് ഭക്ഷണം ഉൾപ്പെടെ കഴിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത് എന്ന് പ്രദേശത്തുകാർ പറയുന്നു. ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും നൽകിയ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യൂനിറ്റ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം നിർത്താൻ നോട്ടീസ് നൽകിയത്.
മാംസം കത്തിക്കുമ്പോഴുണ്ടാകുന്ന രൂക്ഷ ഗന്ധം സമീപ പ്രദേശങ്ങളായ പെരിയത്തിൽ, കമ്പിവേലി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം ഉൾപ്പെടെ നടത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്ന് നടപടി സ്വീകരിച്ചെങ്കിലും നടത്തിപ്പുകാർ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പ്രവർത്തനം തുടരുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടായില്ലെന്നും പറയുന്നു.
ബുദ്ധിമുട്ടും ആശങ്കയും പരിഹരിക്കണം -ഡി.വൈ.എഫ്.ഐ
ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ ബുദ്ധിമുട്ടും ആശങ്കയും പരിഹരിക്കണം. ജനങ്ങളുടെആശങ്കകളെ പരിഹരിക്കാനുള്ള അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ചാവശ്ശേരി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.