അപകട ഭീഷണിയായി തകർന്ന വഴിവിളക്കുകൾ
text_fieldsഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിൽ ഇരിട്ടി ടൗണിൽ സ്ഥാപിച്ച വഴിവിളക്കുകൾ വാഹനാപകടങ്ങളിൽ തകർന്നുവീണ് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താനോ തകർന്നവ റോഡിൽനിന്ന് നീക്കംചെയ്യാനോ തയാറാകാത്തതിനെത്തുടർന്ന് വാഹനയാത്രക്കാർ ദുരിതത്തിലായി.
സൗരോർജ വഴിവിളക്കുകളാണ് വാഹനാപകടത്തിൽ തകർന്ന് അപകട ഭീഷണിയാകുന്നത്. ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് മുതൽ പാലംവരെ റോഡിന് മധ്യത്തിലായി ഡിവൈഡറുകളിലാണ് വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നത്. നിയന്ത്രണംവിട്ടും മറ്റും പലതവണകളിലായുണ്ടായ വാഹനാപകടങ്ങളിൽ ഇരിട്ടി ടൗണിൽ മാത്രം പത്തോളം വിളക്കുകളാണ് തകർന്നത്.
ഇരുമ്പുതൂണിൽ സ്ഥാപിച്ച സൗരോർജ പാനലും കൂറ്റൻ ബാറ്ററിയും ലൈറ്റും ഉൾപ്പെടെയാണ് തകർന്നുവീണത്. ബാറ്ററിയും പാനലും ഉൾപ്പെടെ റോഡിലും മറ്റും ചിതറിക്കിടക്കുകയാണ്. ചിലതാകട്ടെ ഇരുമ്പുപൈപ്പ് നടുവെ ഒടിഞ്ഞ് റോഡിനോട് ചേർന്ന് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
ടൗണിലെ മറ്റ് വിളക്കുകളാകട്ടെ സ്ഥാപിച്ച് ഒരുവർഷംതികയും മുമ്പേ തുരുമ്പെടുത്ത് തൂണുകളിൽ ഒന്നരയാൾ പൊക്കത്തിൽ സ്ഥാപിച്ച ബാറ്ററികൾ ഒന്നൊന്നായി അടർന്നുവീഴുകയാണ്. ബാറ്ററിയെ താങ്ങിനിർത്തുന്ന ഇരുമ്പ് കാലുകളും പെട്ടികളും തുരുമ്പെടുത്ത് അപകടഭീഷണിയുയർത്തുന്നു.
തിനു സമീപത്തുകൂടി പോകുന്നവർക്ക് ഏറെ ഭാരമുള്ള ബാറ്ററികൾ തലയിൽ വീണ് അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. വാഹനമിടിച്ച് തകർന്ന ലൈറ്റുകൾ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ റോഡിലും മറ്റും ചിതറിക്കിടക്കുന്ന ബാറ്ററിയുൾപ്പെടെയുള്ളവ എടുത്തുമാറ്റുന്നതിനോ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
ഇതുകാരണം പ്രദേശം രാത്രികാലങ്ങളിൽ കൂരിരുട്ടിലാണ്. തലശ്ശേരി മുതൽ വളവുപാറവരെ പാതയിൽ ആകെ 947 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒരുവിളക്കിന് 95,000 രൂപ നിരക്കിൽ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പ്രധാന ടൗണുകളിലും കവലകളിലും 30 മീ. ഇടവിട്ടാണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. പുതിയവ സ്ഥാപിച്ചില്ലെങ്കിലും അപകടാവസ്ഥയിലായവ ടൗണിൽനിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.