അണക്കെട്ടുകൾക്ക് ബഫർ സോൺ; പുഴയോരവാസികൾ ആശങ്കയിൽ
text_fieldsഇരിട്ടി: ഡാമുകൾക്ക് ബഫർസോൺ പ്രഖ്യാപിച്ചത് പുഴയോരവാസികളെ ആശങ്കയിലാഴ്ത്തി. ഡാം പരിസര പ്രദേശങ്ങളിലെ 20 മുതൽ 100 മീറ്റർ വരെയുള്ള ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നുൾപ്പെടെയുള്ള സർക്കാറിന്റെ പുതിയ ഡാം ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ എതിർപ്പില്ലാ രേഖകൾ ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ഫയലുകൾ മടക്കിത്തുടങ്ങിയതോടെയാണ് ആശങ്കയിലായത്.
പഴശ്ശി ഡാമിൽനിന്ന് റോഡ് മാർഗം 10 കിലോമീറ്ററോളം അകലെയുള്ള പായം പഞ്ചായത്തിലെ പെരുമ്പറമ്പ് അളപ്രയിലെ മാവില വീട്ടിൽ എം. സുരേഷ് കുമാറാണ് ഉത്തരവിന്റെ ആദ്യ ഇരയായിരിക്കുന്നത്. പുതിയ വീടിന്റെ കോൺക്രീറ്റ് ഉൾപ്പെടെ കഴിഞ്ഞ സുരേഷ് കുമാർ കെട്ടിട നമ്പർ ലഭിക്കാനായി കഴിഞ്ഞ നവംബറിലാണ് പായം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്.
എന്നാൽ, ഇപ്പോൾ പഴശ്ശി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഭൂമി കൈയേറിയില്ല എന്ന ഇറിഗേഷൻ അധികൃതരുടെ എതിർപ്പില്ലാ രേഖ വാങ്ങി വരാൻ ആവശ്യപ്പെട്ട് പഞ്ചായത്തിലെ എൽ.എസ്.ജി.ഡി വിഭാഗം ഉദ്യോഗസ്ഥർ സുരേഷിന്റെ കെട്ടിട നമ്പറിനായുള്ള അപേക്ഷ മടക്കിയിരുന്നു.
താലൂക്ക് സർവേയറെകൊണ്ട് തന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന്റെ രേഖയുമായി വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോഴാണ് ജലവിഭവ വകുപ്പിന്റെ ഡിസംബർ 26ലെ പുതിയ ഡാം ബഫർ സോൺ ഉത്തരവ് ചൂണ്ടിക്കാട്ടി ഇറിഗേഷൻ എക്സി. എൻജിനീയറുടെ എതിർപ്പില്ലാ രേഖ നിർബന്ധമായും ഹാജരാക്കണമെന്നാവശ്യപ്പെട്ട് സുരേഷിന്റെ അപേക്ഷയടങ്ങുന്ന ഫയൽ വീണ്ടും പഞ്ചായത്ത് ഉദ്യോഗസ്ഥർ മടക്കിയത്.
എന്തുചെയ്യണമെന്നറിയാതെ ഇറിഗേഷൻ വകുപ്പ്
പുതിയ ഉത്തരവിന്റെ ഭാഗമായി തങ്ങൾ എന്തുചെയ്യണമെന്നും തങ്ങളുടെ റോൾ എന്തെന്നും ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കും വലിയ നിശ്ചയമില്ല. ഇതു സംബന്ധിച്ച് ഒദ്യോഗിക വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
സുരേഷിനു പിന്നാലെ പായം പഞ്ചായത്തിലെ പെരുവംപറമ്പിലും തന്തോട് അളപ്രയിലും വീടുനിർമാണത്തിനായുള്ള തറയുടെ നിർമാണം പൂർത്തിയായ രണ്ടുപേർക്ക് വീട് നിർമാണത്തിന് പെർമിറ്റ് ലഭിക്കണമെങ്കിൽ ഇറിഗേഷൻ അധികൃതരുടെ എൻ.ഒ.സി വേണമെന്ന് ആവശ്യപ്പെട്ട് പായം പഞ്ചായത്ത് അധികൃതർ അപേക്ഷകൾ മടക്കിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.