‘പ്രവീൺ മാമനെ’ തേടി അനുമോദനമെത്തി; ദേവതീർഥനിത് ആഗ്രഹസാഫല്യം
text_fieldsഇരിട്ടി: സെറിബ്രൽ പാൾസി ബാധിച്ച് തളർച്ചയിലായ 14കാരൻ ദേവതീർഥന്റെ പ്രധാന ആഗ്രഹമായിരുന്നു തന്നെ ചേർത്തുപിടിക്കുന്ന പ്രവീൺ മാമനെ അനുമോദിക്കണം എന്നത്. ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ കണ്ടക്ടറാണ് പ്രവീൺ. നടക്കാൻ പറ്റാത്ത ദേവതീർഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബസിൽ കയറ്റുന്നതും ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കുന്നതും അമ്മയുടെ തോളത്തേക്ക് എടുത്തുവെക്കുന്നതും പ്രവീണായിരുന്നു. എന്തുകാര്യത്തിനും കുടുംബത്തിനൊപ്പം നിഴലായി നിൽക്കുന്ന പ്രവീൺ അങ്ങനെ ദേവതീർഥന്റെ മാമനായി മാറി. മാമനെ ആദരിക്കണമെന്നത് ദേവതീർഥന്റെ വലിയ ആഗ്രഹവുമായി.
അമ്മക്കൊപ്പം ഇരിട്ടി ആർ.ടി ഓഫിസിൽ എത്തി ദേവതീർഥൻ ആഗ്രഹം പങ്കുവെച്ചു. ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ദേവതീർഥൻ ഉരുവച്ചാൽ എടപ്പഴശ്ശിയിലെ ശ്രീദീപത്തിൽ പ്രജിഷയുടെ മകനാണ്. തളർച്ചയിലായ ദേവതീർഥൻ തുടർ ചികിത്സയിലാണ്. പ്രവീണിന്റെ സുമനസ്സാണ് കുടുംബത്തിനും തണലായി മാറുന്നത്.
മികച്ച ചിത്രകാരൻ കൂടിയാണ് ദേവതീർഥൻ. കൈക്ക് ബലക്ഷയം ഉള്ളതിനാൽ ബ്രഷ് പല്ലുകൊണ്ട് കടിച്ചുപിടിച്ചാണ് ചിത്രം വരക്കുന്നത്. ഇപ്പോൾ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയും നേരത്തേ ഇരിട്ടി ജോയന്റ് ആർ.ടി.ഒയും ആയിരുന്ന വി. സാജുവിന്റെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് പ്രവീണിനെ ആദരിക്കാൻ തീരുമാനിച്ചു.
ഇരിട്ടി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണ യോഗം നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടൈറ്റസ് ബെന്നി അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വി. സാജുവിനേയും കണ്ടക്ടർ പ്രവീണിനേയും ചെയർപേഴ്സൻ ആദരിച്ചു. ജോയിന്റ് ആർ.ടി.ഒ വൈകുണ്ഠൻ, എം.വി.ഐ സി.എ. പ്രദീപ്കുമാർ, സൂപ്രണ്ട് കിഷോർകുമാർ, എ.എം.വിമാരായ പി. പ്രേംനാഥ്, സുമോദ് മോഹൻ, ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ പ്രഭാകരൻ അമൃത, അജയൻ പായം, സാബു സെന്റ് ജൂഡ്, ഇ.കെ സോണി, ഇരിട്ടി പ്രസ്ഫോറം പ്രസിഡന്റ് സദാനന്ദൻ കുയിലൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.