തേങ്ങ കിട്ടാനില്ല, വിലയും കൂടുതൽ; മലയോരത്ത് കേരവിപണി നിർജീവം
text_fieldsഇരിട്ടി: കറിക്കും ഉപ്പേരിക്കും പലഹാരങ്ങൾക്കും തേങ്ങയില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത ഒരു കാലം മലയാളിക്കുണ്ടായിരുന്നു. പ്രത്യേകിച്ച് തെങ്ങുകൾ സുലഭമായ മലയോര നാടിന് ഇന്നിത് സംസ്കൃതിയുടെയും പൈതൃകത്തിന്റെയും ഓർമപ്പെടുത്തലുകൾ മാത്രമായി മാറുന്നു. വ്യാഴവട്ടക്കാലത്തിനു മുമ്പ് വരെ നാളികേരം ആവശ്യം കഴിഞ്ഞ് കർണാടകയിലേക്ക് കയറ്റിയയക്കുക പതിവായിരുന്നു.
എന്നാൽ, ഇന്ന് മലയാളിക്ക് തേങ്ങാക്കറി കൂട്ടണമെങ്കിൽ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അടിയന്തര ആവശ്യങ്ങൾക്കുപോലും തേങ്ങ ലഭിക്കാതെ ഹോട്ടൽ മേഖല നെട്ടോട്ടത്തിലാണ്. കഴിഞ്ഞദിവസം മൈസൂരുവിൽനിന്ന് തേങ്ങ കയറ്റിയ ലോറി എത്താതെ വന്നതോടെ ഇരിട്ടി, വള്ളിത്തോട് തുടങ്ങിയ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകൾ ഉൾപ്പെടെ ബുദ്ധിമുട്ടിലായി.
കർണാടകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇപ്പോൾ പ്രധാനമായും മലയോരത്തെ തേങ്ങ ഇറക്കുമതി. തേങ്ങക്ക് ഗുണനിലവാരം കുറവാണെങ്കിലും മറ്റ് പോംവഴികളില്ലാത്തതിനാൽ ഹോട്ടൽ വ്യാപാരികൾ ഉൾപ്പെടെ ഇവ വാങ്ങാൻ നിർബന്ധിതരാകുകയാണ്. ഗുണനിലവാരമുള്ള തേങ്ങ ലഭിക്കാതെ മലയോര മേഖലയിലെ പല വെളിച്ചെണ്ണ മില്ലുകളും മാസങ്ങളോളം പ്രവർത്തിക്കാതിരുന്ന സാഹചര്യവുമുണ്ടായി . അഞ്ച് ലക്ഷത്തിന് മുകളിൽ നാളികേരം ഉൽപാദിപ്പിച്ചിരുന്ന ആറളം ഫാമിലെ ഉൽപാദനം 50000ന് താഴേക്ക് കൂപ്പുകുത്തിയത് കേരകൃഷിയുടെ നാശത്തിന്റെ മറ്റൊരുദാഹരണമാണ്. 5000 ന് മുകളിൽ തെങ്ങുകളാണ് ഇവിടെ കാട്ടാനകൾ നശിപ്പിച്ചത്. കേരകൃഷിയിൽ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കേരളത്തിൽനിന്ന് തെങ്ങ് അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.