അയ്യൻകുന്നിൽ റീബിൽഡ് കേരള റോഡ് നിർമാണം: വിവാദം, പ്രതിഷേധം
text_fieldsഇരിട്ടി: പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽപ്പെടുത്തി നവീകരിക്കുന്ന എടൂർ- കമ്പിനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ നിർമാണത്തിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും കനക്കുന്നു.
റോഡ് നിർമാണത്തിലെ അഴിമതിക്കും അപാകതക്കുമെതിരെ നിരവധി സമരങ്ങളും നിവേദനങ്ങളും നൽകിയ നാട്ടുകാർ ഒടുവിൽ നിർമാണം തടഞ്ഞ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
22.24 കിലോമീറ്റർ മലയോരപാത പ്രളയ ഫണ്ടിൽപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ 135.8 കോടി രൂപയാണ് അനുവദിച്ചത്. ഒന്നരവർഷം മുമ്പ് തുടങ്ങിയ നിർമാണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. കരാറിൽ ഉൾപ്പെട്ട റോഡിന്റെ 650 മീറ്റർ ദൂരം ഒരുപണിയും നടത്താതെ നിർമാണം അവസാനിപ്പിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെയാണ് നാട്ടുകാർ പ്രവ്യത്തി തടഞ്ഞ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കരാർതുക പ്രകാരം ഒരു കിലോമീറ്റർ റോഡിന് അഞ്ചുകോടിയിലധികം രൂപവരും. എന്നിട്ടും പണമില്ലെന്ന കാരണം പറഞ്ഞാണ് 650 മീറ്ററോളം ഭാഗം ഒരുപണിയും നടത്താതെ നിർത്തിയിരിക്കുന്നത്. കച്ചേരിക്കടവിലെ പാലുക്കുന്നേൽ ചാക്കോയുടെ സ്ഥലംമുതൽ പള്ളിക്ക് സമീപം വരെയുള്ള ഭാഗമാണ് ഒരുപണിയും നടത്താതെ നിർത്തിയിരിക്കുന്നത്.
ഇതാണ് നാട്ടുകാരുടെ വൻ പ്രതിഷേധത്തിനിടയാക്കിയത്. നിലവിലുള്ള റോഡിലെ ഇടുങ്ങിയ പാലങ്ങളും വീതികുറഞ്ഞ കലുങ്കുകളും മാറ്റാതെ നടക്കുന്ന നവീകരണത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഇതൊന്നും കരാറിൽ ഉൾപ്പെട്ടില്ലെന്ന വാദം ഉയർത്തിയാണ് കരാറുകാരൻ പ്രതിരോധിച്ചത്. ഇപ്പോൾ റോഡിന്റെ ഒരുഭാഗം തന്നെ ഒഴിവാക്കിക്കൊണ്ട് പ്രവൃത്തി അവസാനിപ്പിക്കാനുള്ള നീക്കം കൂടിയായതോടെയാണ് നാട്ടുകാർ ഒന്നാകെ പ്രതിഷേധത്തിനിറങ്ങിയത്.
ടാറിങ് സാമഗ്രികൾകൊണ്ടുപോകുന്ന വാഹനങ്ങൾ പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും 650 മീറ്ററോളം ഭാഗത്ത് നിർമാണം നടത്താൻ പണം അവശേഷിക്കുന്നില്ലെന്നും ഫണ്ട് കിട്ടിയാൽ മാത്രമേ നടത്താനാകൂവെന്ന നിലപാട് കരാറുകാരുടെ പ്രതിനിധികൾ എടുത്തു. ഇതോടെ സമരം ശക്തമാക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു.
നാട്ടുകാർ സ്ഥലം സൗജന്യമായാണ് റോഡ് വീതികൂട്ടാൻ വിട്ടുനൽകിയത്. നിലവിലുള്ള വീതിക്ക് ആനുപാതികമായി 7.5 മീറ്റർ മുതൽ 10 മീറ്റർ വരെ വീതിയിലുള്ള മെക്കാഡം ടാറിങ്ങാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ സ്ഥലംലഭിച്ചിട്ടും പലഭാഗങ്ങളിലും ടാറിങ് വീതിയില്ലെന്ന ആരോപണവും ശക്തമാണ്.
കോടികൾ മുടക്കിയിട്ടും നിർമാണം ശാസ്ത്രീയമാകാഞ്ഞത് നിർമാണത്തിൽ വൻഅഴിമതി നടന്നത് കാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധത്തിന് കെ.പി. വാവച്ചൻ, സുനീഷ് ചക്കാനിക്കുന്നേൽ, സിജോ കല്ലാനി, റോജസ് മാത്യു, ഡിറ്റോ പല്ലാട്ടുക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ഐസക്ക് ജോസഫ്, ബിജോയി പ്ലാത്തോട്ടം എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.