ഉദ്ഘാടനത്തിലും വിവാദം; കൂട്ടുപുഴ പാലം ഉദ്ഘാടനം മാറ്റി
text_fieldsഇരിട്ടി: പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പുതിയ പാലത്തിെൻറ ഉദ്ഘാടനം മാറ്റി. ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ടി.പിയിൽനിന്നും വന്ന അറിയിപ്പ്.
കർണാടക വനം വകുപ്പും ജനപ്രതിനിധികളും വെള്ളിയാഴ്ച രാവിലെ എതിർപ്പ് അറിയിച്ചതോടെ ഉദ്ഘാടനം പൊടുന്നനെ റദ്ദാക്കുകയായിരുന്നുവെന്നാണ് വിവരം. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്നാണ് കർണാടകയുടെ പരാതി.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മറ്റു ചടങ്ങുകൾ ഒന്നും ഇല്ലാതെ മന്ത്രിയും ജനപ്രതിനിധികളും ചേർന്ന് പാലത്തിലൂടെ നടന്ന് മറുകരയിൽ എത്തുന്ന ലളിതമായൊരു ചടങ്ങോടുകൂടിയുള്ള ഉദ്ഘാടനം എന്നായിരുന്നു അറിയിച്ചത്.
ഇതിെൻറ ഭാഗമായി സണ്ണി ജോസഫ് എം.എൽ.എ ഉൾപ്പെടെ മേഖലയിൽ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയുമായി കെ.എസ്.ടി.പിയിൽനിന്നും ഫോൺ വഴി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശവും നൽകി. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് കെ.എസ്.ടി.പി ചീഫ് എൻജിനീയറുടെ ഓഫിസിൽ നിന്നും ഉദ്ഘാടനം മാറ്റിവെച്ചതായുള്ള അറിയിപ്പ് കെ.എസ്.ടി.പിയുടെ താഴേത്തട്ടിലുള്ള ഓഫിസിലേക്ക് ലഭിക്കുന്നത്. ഉദ്ഘാടനത്തിന് ക്ഷണിച്ചവർക്കെല്ലാം പരിപാടി റദ്ദക്കിയതായുള്ള സന്ദേശവും പിന്നാലെ എത്തി.
ഇരിട്ടി പാലം തുറന്നതുപോലെ ചടങ്ങുകൾ ഒന്നും ഇല്ലാതെ പുതുവർഷത്തിൽ കൂട്ടുപുഴ പാലവും തുറന്നുകൊടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. കർണാടക വനംവകുപ്പിെൻറയും കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെയും എതിർപ്പ് പല ഭാഗത്തും ഉണ്ടായി. ഇരു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന പാലം എന്ന നിലയിലും നിർമാണത്തിലെ പ്രതിസന്ധി തീർക്കാൻ കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടായിട്ടും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്ന പരാതി കർണാടകത്തിൽ നിന്നും ഉയർന്നിരുന്നു.
പാലം നിർമാണത്തിന് ദേശീയ വനം-വന്യജീവി ബോർഡിെൻറ അന്തിമ അനുമതിക്കൊപ്പം കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ടുവെച്ച ചില നിർദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് നിർത്തിവെച്ച പണി പുനരാരംഭിച്ചത്. നിർമാണത്തിന് കർണാടക വൈൽഡ് ലൈഫ് ബോർഡിെൻറ അനുമതിക്കായി വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ ഏറെ ശ്രമം നടത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പിയും ഏകപക്ഷിയമായി ഉദ്ഘാടനം നടത്തുന്നതിലെ അതൃപ്തി വീരാജ് പേട്ട എം.എൽ.എ ഓഫിസ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് ജനങ്ങൾക്കിടയിൽ കടുത്ത നിരാശക്കിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.