കലുങ്ക് നിർമാണത്തിലെ അപാകത; വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsഇരിട്ടി: നഗരസഭയിലെ എടക്കാനം -എടയിൽകുന്ന് റോഡിൽ 25 ലക്ഷം ചെലവഴിച്ച് നിർമിച്ച ബോക്സ് കലുങ്കിന്റെ നിർമാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കലുങ്കു നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ നഗരസഭയിൽ നിന്ന് വിജിലൻസ് സംഘം നേരത്തെ പിടിച്ചെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് വിജിലൻസ് സംഘം കലുങ്കു നിർമാണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള എൻജിനീയറിങ് വിഭാഗവും വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘവും കലുങ്കും അനുബന്ധ റോഡും പരിശോധിച്ചു. കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ എൻജിനീറിയറിങ് വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവിട്ടാണ് എടയിൽക്കുന്ന് കലുങ്ക് പ്രവൃത്തി പൂർത്തിയാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ആൻഡ് എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തി നടത്തിയത്. പഴശ്ശി പദ്ധതി പ്രദേശത്തൂടെ കടന്നുപോകുന്ന റോഡ് ഉയർത്തുന്നതിനുവേണ്ടിയാണ് 2022ൽ കലുങ്ക് നിർമാണം പൂർത്തീകരിച്ചത്. കലുങ്ക് മാത്രം നിർമിച്ച് റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് നിറച്ച ചാക്കുകൾ നിരത്തി മണ്ണിട്ട് ഉയർത്തുകയായിരുന്നു.
വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണുനിറച്ച ചാക്കുകൾ നശിക്കുന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിർമാണഘട്ടത്തിൽ പ്രദേശവാസികൾ പരാതി അറിയിച്ചിരുന്നു. തുടർന്ന് ആറു മാസം തികയും മുൻപേ കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബ് വിണ്ടുകീറി കലുങ്കും റോഡും അപകടാവസ്ഥയിലായി. തുടർന്ന് കലുങ്ക് നിർമാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നതായും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ വിജിലൻസിന് പരാതി നൽകുകയായുരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.