ആദിവാസിയുടെ വീട് പൊളിച്ചുനീക്കിയ സംഭവം വിവാദമാകുന്നു
text_fieldsഇരിട്ടി: പായം പഞ്ചായത്തിലെ കുന്നോത്ത് ആദിവാസിയുടെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവം വിവാദമാവുന്നു. ക്രഷർ ഉടമക്കുവേണ്ടിയാണ് വീട് പൊളിച്ചതെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണമെന്നും പൊളിച്ച വീട് അവിടെ തന്നെ പുനർ നിർമിക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്നു. വീട് പൊളിച്ച സംഭവത്തിൽ ക്രഷർ ഉടമക്കും മണ്ണുമാന്തി യന്ത്രം ഡ്രൈവർക്കും ഉൾപ്പെടെ മൂന്നുപേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കുന്നോത്ത് ബെൻഹില്ലിലെ ജാനുവിെൻറ വീടാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. സർക്കാർ നിർമിച്ചുനൽകിയ വീടാണിത്.സമീപത്ത് തുടങ്ങാൻ ഒരുങ്ങുന്ന ക്രഷറിന് വീട് തടസ്സ മായതിന്നെ തുടർന്നാണ് പൊളിച്ചുനീക്കിയതെന്നാണ് ജാനുവിെൻറ ബന്ധുക്കളുടെ പരാതി. ജാനു കഴിഞ്ഞ ദിവസം മരിച്ചുപോയിരുന്നു. മക്കളില്ലാത്ത ജാനുവിനെ നോക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ പണിക്കുപോയ സമയത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീട് തകർത്തത്. സമീപത്ത് കുന്നിടിച്ച് തുടങ്ങാനിരിക്കുന്ന ക്രഷറിന് ലൈസൻസ് ലഭിക്കുന്നതിന് ദൂരപരിധി പ്രശ്നമാകാതിരിക്കാൻ ഉന്നത രാഷ്്ട്രീയ ബന്ധം ഉപയോഗിച്ച്, എഴുത്തും വായനയും അറിയാത്ത അവശനിലയിലായ ജാനുവിൽ നിന്നും നേരത്തെ ചില കടലാസിൽ ഒപ്പിട്ടുവാങ്ങിയാണ് ഗുഢാലോചന നടന്നതെന്നാണ് ആരോപണം.
സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, പായം ഗ്രാമപഞ്ചായത്ത് അംഗം ഷൈജൻ ജേക്കബ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ്, യൂത്ത് കോൺഗ്രസ് നേതാവ് റെയീസ് കണിയാറക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
ജില്ല പ്രസിഡൻറ് എൻ. ഹരിദാസെൻറ നേതൃത്വത്തിൽ ബി.ജെ.പി സംഘം, പൊളിച്ച വീടും ക്രഷർ നിർമാണ പ്രദേശവും സന്ദർശിച്ചു. അവിടെ നടക്കുന്ന നിർമാണ പ്രവൃത്തി തടഞ്ഞു. വീട് പൊളിച്ചുനീക്കിയത് ക്രഷർ ഉടമക്കുവേണ്ടിയാണെന്ന് എൻ. ഹരിദാസൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.