വോട്ട് ചെയ്യാനെത്തിയവർക്ക് ബൂത്തിൽ വേറിട്ട അനുഭവങ്ങൾ
text_fieldsഇരിട്ടി: കൊടും വേനലിനെ വകവെക്കാതെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ എത്തിയ വോട്ടർമാർക്ക് ഇക്കുറി വ്യത്യസ്ത അനുഭവങ്ങൾ. മാതൃക പോളിങ് ബൂത്തായ തില്ലങ്കേരി ഗവ.യു.പി സ്കൂളിലെ 105ാംനമ്പർ ബൂത്തിൽ വോട്ടർമാർക്ക് ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയത്.
കടുത്ത വേനലിനെ പ്രതിരോധിക്കാൻ പന്തൽ, വോട്ട് ചെയ്യാൻ എത്തുന്ന വയോജനങ്ങൾക്ക് ഇരിക്കാൻ ഇരിപ്പിടം, കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ഒരുക്കി പ്രത്യേക മുറി, വോട്ടു ചെയ്ത് തിരിച്ചു പോകുമ്പോൾ എല്ലാവർക്കും ജൈവ കർഷകൻ ഷിംജിത്ത് തില്ലങ്കേരിയുടെ വക ഫലവൃക്ഷത്തൈകളും വിത്തുകളും ഒപ്പം മിഠായിയും. സെൽഫി പോയൻറ് ഉൾപ്പെടെ ഒരുക്കിയാണ് ഈ മാതൃക പോളിങ് ബൂത്ത് പ്രവർത്തിച്ചത്. 1200ഓളം വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്.
ഉളിയിൽ ഗവ. യു.പി സ്കൂളിലെ ബൂത്തിൽ അവശരായ വോട്ടർമാരെ വീൽ ചെയറിൽ എത്തിക്കാൻ മുന്നിട്ടിറങ്ങിയ കാവുമ്പടി സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാരുടെ സേവനം വേറിട്ടതായി.
തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവർത്തകർ. ‘ജീവനാണ് ജലവും ജനാധിപത്യവും’ എന്ന സന്ദേശമുയർത്തിയാണ് പ്രവർത്തകർ തണ്ണീർപ്പന്തൽ ഒരുക്കിയത്.
കനത്ത ചൂടിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ എത്തുന്നവർക്ക് വലിയ ആശ്വാസമായി തണ്ണീർ പന്തൽ. ഉളിയിൽ സ്കൂളിന് സമീപം ആവിലാട് യൂനിറ്റ് ഒരുക്കിയ തണ്ണീർ പന്തലിന് സുഹൈൽ സുറൈജി, ഷഹീർ മുസ്ലിയാർ, ഷിബിൽ, മുഹമ്മദ്, ഇഹ്സാൻ, സിനാൻ , അഫ്നാൻ, റൈഹാൻ, സത്താർ, കെ. വസിം തുടങ്ങിയവർ നേതൃത്വം നൽകി. ചെടിക്കുളത്ത് എസ്.എസ്.എഫ്, എസ്.വൈ.എസ് യൂനിറ്റ് ഭാരവാഹികളായ സാജിർ സഖാഫി, യാക്കൂബ് ചെടിക്കുളം, ശിഹാബ് പെരുന്തയിൽ, അബൂബക്കർ സഅദി, പി. റഷീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.