ഡിജിറ്റൽ റീസർവേ: വീർപ്പാട് അടുക്കളയിലും കല്ലിട്ടു; ജനം ആശങ്കയിൽ
text_fieldsഇരിട്ടി: റവന്യൂ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി നടപടിക്രമങ്ങൾ തുടങ്ങിയപ്പോൾ വീർപ്പാട് ടൗൺ ഉൾപ്പെടെയുള്ള 5.27 ഏക്കർ റവന്യൂ ഭൂമി. ഇത്തരത്തിൽ സർവേക്കല്ല് സ്ഥാപിച്ചതോടെ പ്രദേശവാസികളിൽ ആശങ്ക. റീസർവേയുടെ മുന്നോടിയായി റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ജനവാസ മേഖലയിൽ സർവേക്കല്ല് സ്ഥാപിച്ചുള്ള നടപടി.
ആര നൂറ്റാണ്ടിലധികമായി പ്രദേശവാസികൾ നികുതിയടച്ച് സർവ രേഖകളും ഉൾപ്പെടെ കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമിയാണ് റവന്യൂ ഭൂമി എന്ന നിലയിൽ അളന്ന് തിരിച്ചിട്ടുള്ളത്.
വീർപ്പാട് ടൗണിലെ കടകൾ എസ്.എൻ.ഡി.പി ഗുരുമന്ദിരം, വെളിമാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കുരിശുപള്ളി, വായനശാല, 10 വീടുകൾ എന്നിങ്ങനെ 40 ഓളം കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലമാണ് റവന്യൂ ഭൂമിയായി അടയാളപ്പെടുത്തിയത്. അഞ്ചും പത്തു സെന്റിൽ വീടുവെച്ചു താമസിക്കുന്നവരുടെ വീടുകൾ അടക്കം റവന്യൂ ഭൂമിയിൽപ്പെടുന്നു എന്നതാണ് ആശങ്കക്ക് കാരണം.
അഞ്ചു വർഷം മുമ്പ് വായ്പഎടുത്തു നിർമിച്ച ഷിജു പെരിങ്ങാമലയുടെ സർവേ നമ്പർ 239/1 ലെ 13 സെന്റ് സ്ഥലവും വീടും മുഴുവനായി റവന്യൂ ഭൂമിയായി കല്ലിട്ട് തിരിച്ചിരിക്കുകയാണ്. ഇതിനോട് ചേർന്ന് കിടക്കുന്ന പുഷ്പ നടത്തേൽ, മുരളി കുഴിക്കാടൻ എന്നിവരുടെ ഭൂമിയും പൂർണമായും കല്ലിട്ട് തിരിച്ചു.
അടുക്കളയിലും കല്ലിട്ടു
ശശി പെരുംഞാറ്റിലിന്റെ 13.5 സെന്റ് ഭൂമിയിൽ പണിതീരാത്ത വീട്ടിലെ അടുക്കളക്കായി എടുത്ത തറയിലാണ് റീസർവേ കല്ല് സ്ഥാപിച്ചിരിക്കുന്നത്. മേസ്തിരി പണി ചെയ്യുന്ന ശശിക്കും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പ്രേമക്കും ആകെയുള്ള ഭൂമിയിൽ അടുക്കളക്കായി എടുത്ത തറയിൽ കല്ലിട്ടതോടെ ആശങ്കയിലാണ് കുടുംബം. പട്ടയവും ആധാരവും ഉൾപ്പെടെയുള്ള ഭൂമിയിൽ നികുതി കെട്ടി ബാങ്കിൽ നിന്നും അടക്കം വായ്പ എടുത്ത സ്ഥലമാണ് പെട്ടെന്നൊരുനാൾ റവന്യൂ ഭൂമിയായി മാറിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് പരമ്പരാഗതമായി ലഭിച്ച ഭൂമി മുതൽ പണം കൊടുത്തു വാങ്ങിയവർ വരെ റവന്യൂ ഭൂമിയിൽ പെടുന്നു. 1933 ൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നടന്ന സർവേ പ്രകാരം വീർപ്പാട് ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത് റവന്യൂ ഭൂമിയാണെന്നാണ് വില്ലേജിലെ രേഖകൾ പറയുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നൽകി
സാധാരണക്കാരായ ജനങ്ങൾ വർഷങ്ങളായി ഉപയോഗിച്ചു വന്ന ഭൂമി റവന്യൂ ഭൂമിയായി അടയാളപ്പെടുത്തിയത് സംബന്ധിച്ച പരാതി 22ന് ഇരിട്ടിയിൽ വെച്ചുനടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് കൈമാറി. പട്ടയം ഉൾപ്പെടെ എല്ലാ രേഖകളുമുള്ള 40 കുടുംബങ്ങളുടെ ഭൂമിയാണ് ഇതിൽ ഉൾപ്പെട്ടത്. വർഷങ്ങൾ പഴക്കംചെന്ന വീർപ്പാട് ടൗൺ ഉൾപ്പെടെ റവന്യൂ ഭൂമിയിൽ വരുന്നതും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
1933ലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നടന്ന സർവേപ്രകാരം വില്ലേജ് അടങ്കലിൽ എ രജിസ്റ്ററിൽ നികുതി കെട്ടാത്ത തരിശും പാറക്കെട്ടും നിറഞ്ഞ ഭൂമിയായാണ് ഈ ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. പലയാട്ടു ദേവസ്വം വക ഭൂമി അന്നത്തെ കോട്ടയം (കൂത്തുപറമ്പ്) തമ്പുരാന്റെ മാനേജർ മഠപ്പുരക്കൽ കുഞ്ഞിരാമനിൽ നിന്നും ചാർത്തികിട്ടിയ പുറപ്പാട് ചീട്ടിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിയിലെ ചില ഭാഗങ്ങളാണ് 1933ലെ സർവേയുടെ അടിസ്ഥാനത്തിൽ റവന്യൂ ഭൂമിയായി നിജപ്പെടുത്തിയത്.
1933ൽ നടന്ന സർവേയിൽ ജനവാസം ഇല്ലാത്ത മേഖലകൾ ഒഴിവാക്കിയായിരുന്നു നടപടി പൂർത്തിയാക്കിയത്. ഇപ്പോഴത്തെ കൈവശക്കാരുടെ രേഖകളിലെ സർവേ നമ്പറും വില്ലേജിലെ സർവേ നമ്പറും വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ വില്ലേജ് രേഖകൾ പ്രകാരം 253/1 വരേണ്ട രേഖകൾ 239/1, 252/8, 253/6, 260/4, 259/4 എന്നീ തെറ്റായ സർവേ നമ്പറുകളിലാണ് രേഖകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ തെറ്റായ സർവേ നമ്പർ പ്രകാരം സ്ഥലം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുകയൂം നികുതി കെട്ടി ബാങ്ക് വായ്പ വരെ ലഭിച്ചിരുന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കും -തഹസിൽദാർ
1933ലെ സർവേയുടെ അടിസ്ഥാനത്തിൽ നടക്കുന്ന സർവേ നടപടികൾ മാത്രമാണിതെന്നും തീർച്ചയായും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും കൈവശക്കാർക്ക് ഭൂമി തിരികെ ലഭിക്കുമെന്നും ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.