പേരാവൂർ മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം; 786 കോടിയുടെ പ്രവൃത്തി മൂന്നുവർഷത്തിനകം പൂർത്തിയാക്കും
text_fieldsഇരിട്ടി: പേരാവൂർ മണ്ഡലത്തിലെയും മട്ടന്നൂർ നഗരസഭയിലെയും എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്കായി 786 കോടി രൂപയുടെ പ്രവൃത്തികൾ ജലവിഭവ വകുപ്പ് മൂന്നുവർഷത്തിനകം പൂർത്തിയാക്കും.
ഓരോ മണ്ഡലത്തിലും ജല അതോറിറ്റി മുഖേന നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ അവലോകനത്തിനായി സർക്കാർ നിർദേശപ്രകാരം ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിച്ചത്.
മട്ടന്നൂർ, ഇരിട്ടി നഗരസഭകളുടെ കുടിവെള്ള വിതരണത്തിനായുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. രണ്ടാംഘട്ടം 288 കോടി രൂപ ചിലവിൽ ഇരിട്ടി നഗരസഭയിൽ 190 കിലോമീറ്ററും മട്ടന്നൂർ നഗരസഭയിൽ 340ഉം കിലോമീറ്റർ വിതരണശൃംഖലയും സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് 258 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
2024നുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കും. ഇരിട്ടി നഗരസഭയിൽ 1150 കുടുംബങ്ങൾക്ക് വീടുകളിൽ കണക്ഷൻ നൽകുന്നതിന് അമൃത പദ്ധതി പ്രകാരം 12.5 കോടി രൂപയും മട്ടന്നൂർ നഗരസഭയിൽ പതിമൂന്നായിരത്തി ഒരുനൂറ്റി രണ്ട് കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിന് 14.38 കോടി രൂപയും വിനിയോഗിക്കും.
ഇത് മൂന്നാംഘട്ടത്തിൽ 2024-2025ൽ എല്ലാ വീടുകളിലും ഗാർഹിക കണക്ഷൻ നൽകി കമീഷൻ ചെയ്യാൻ സാധിക്കും. പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള വിതരണം യാഥാർഥ്യമാക്കുന്നത്.
ഇതിൽ പായം പഞ്ചായത്തിൽ 92.51 കോടി പ്രവൃത്തി ടെൻഡർ ചെയ്തു. നിലവിൽ ഇരിട്ടി, മട്ടന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹൈസ്കൂൾ കുന്നിൽ നിർമാണം പൂർത്തീകരിച്ച ടാങ്കിൽനിന്ന് ഇരിട്ടി പുഴക്കടിയിലൂടെ പൈപ്പ് വലിച്ച് മലപ്പൊട്ടിൽ പ്രധാന ടാങ്ക് സ്ഥാപിച്ച് മട്ടിണി, മട്ടിണിത്തട്ട് എന്നിവിടങ്ങളിലെ ടാങ്കുകൾ വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കും. ഈ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും.
പേരാവൂർ, മുഴക്കുന്ന്, ആറളം, അയ്യൻകുന്ന്, മട്ടന്നൂർ മണ്ഡലത്തിലെ കോളയാട്, ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും പദ്ധതിയുടെ ഭാഗമായുള്ള ശൃംഖല ക്രമീകരിക്കുന്നതിനായി കിഫ്ബിയിൽപ്പെടുത്തി 71.2 കോടിയുടെ പദ്ധതി നടന്നുവരികയാണ്.
ജബ്ബാർ കടവിൽ പുഴയിൽ പമ്പിങ് സ്റ്റേഷനും അത്തിത്തട്ടിൽ ജലം ശുദ്ധീകരിക്കാൻ സാധിക്കുന്ന പ്ലാന്റും നിർമിക്കുന്നതുൾപ്പെടെയാണ് ഈ പദ്ധതി. ഇതിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു.
കല്ലേരിമല, വാരപീടിക, എന്നിവിടങ്ങളിലും ടാങ്കുകൾ സ്ഥാപിക്കും. ഇതിന് അനുബന്ധമായി പേരാവൂരിൽ 67.21 കോടി രൂപയും മുഴക്കുന്നിൽ 63 കോടി രൂപയും അയ്യൻകുന്നിൽ 58 കോടി രൂപയും ആറളത്ത് 55 കോടി രൂപയും വിനിയോഗിച്ച് ഗാർഹിക കണക്ഷനുകൾ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം 2024ൽ നടപ്പാക്കും.
കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിൽ നബാർഡ് സഹായത്തോടെയാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ മട്ടന്നൂർ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എം. പ്രകാശൻ, നോഡൽ ഓഫിസർ കൂത്തുപറമ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കെ. അരുൺ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ ടി.വി. നൗഫൽ, സി.കെ. മുരളീധരൻ, അസിസ്റ്റൻറ് എൻജിനീയർമാരായ അശ്വിൻ ദേവ്, കെ. രഘു, ഡ്രാഫ്റ്റ്സ്മാൻ പി. പ്രസാദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.